ADVERTISEMENT

കോഴിക്കോട് ∙ ചട്ടിയും കലവും കിടക്കയും മാത്രമല്ല... അവർ വന്നതു വീട്ടുമൃഗങ്ങളും പണി ആയുധങ്ങളും വളർത്തു പക്ഷികളുമായാണ്... വീടൊന്നിച്ചു സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഒരു സമരമുഖത്തേക്കെത്തിയത് വേറിട്ട കാഴ്ചയായി.  ആയിരത്തോളം ജനങ്ങൾ ഇന്നലെ കലക്ടറേറ്റിലേക്കു പ്രതീകാത്മക അഭയാർഥി പലായനം നടത്തി.

സിൽവർലൈൻ സമരാവേശത്തിനു ആദ്യം തീകൊളുത്തിയ എറണാകുളം ആലുവ കുട്ടമശ്ശേരി മരിയ അബുവും മറ്റു സമര നായികമാരും ചേർന്നു അഭയാർഥി പലായനം ഉദ്ഘാടനം ചെയ്തു. മരിയ അബുവിന്റെ വാക്കുകൾ സ്ത്രീകളിൽ ആവേശം ഉയർത്തി. രാവിലെ എരഞ്ഞിപ്പാലം സരോവരം റോഡ് കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിച്ചത്. സാധ്യതാ പഠനം നടക്കുന്ന പ്രദേശത്തെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അണിനിരന്നു.

ആട്, പൂച്ച,  കോഴി എന്നിവ കൂടാതെ  അടുക്കളയിലെ പാത്രങ്ങളും ചട്ടികളും പായയും കൂടി  ചിലർ മാർച്ചിൽ എത്തിച്ചു.  കലക്ടറേറ്റിനു മുന്നിലെത്തിയ മാർച്ച് ടൗൺ എസിപി പി.ബിജുരാജിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. തുടർന്നു സ്ത്രീകൾ കലക്ടറേറ്റിനു മുന്നിൽ പായ വിരിച്ച് ഇരിപ്പായി. പ്രതീകാത്മക അഭയാർഥി പാലായനം വിവിധ ജില്ലയിലെ സിൽവർലൈൻ സമരത്തിനു നേതൃത്വം നൽകുന്ന മറിയ അബു, മയിലമ്മ എന്ന ഭവാനിഅമ്മ, പയ്യന്നൂർ യശോദാമ്മ, കെ.ആതിര എന്നിവർ ചേർന്നു മുദ്രാവാക്യം എഴുതിയ ബാനർ ഉയർത്തിയാണ് ഉദ്ഘാടനം ചെയ്തതു. പ്രതിഷേധ മാർച്ച് കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ രാമചന്ദ്രൻ വരപ്പുറത്ത്, ടി.ടി.ഇസ്മായിൽ, എസ്.രാജീവൻ, ഫൈസൽ പള്ളിക്കണ്ടി, എ.ഭക്തവത്സലൻ, യു.രാമചന്ദ്രൻ, വിജയരാഘവൻ ചേലിയ, ബ്രസീലിയ ഷംസുദ്ദീൻ, ടി.വി.രാജൻ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. കേരളത്തിന്റെ സർവനാശത്തിലേക്കുള്ള യാത്രയെ തടയുകയാണ് ഈ അഭയാർഥി പലായന സമരമെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ സമരമുഖത്തു സ്ത്രീകളാണ് അണിനിരന്നത്.  ഈ പദ്ധതി നേരത്തേ ഉപേക്ഷിച്ചിരുന്നെങ്കിൽ സർക്കാരിനു ചെറിയ പരാജയമേ ഉണ്ടാകുമായിരുന്നുള്ളു. മുന്നോട്ടു പോയാൽ അതിഭീകരമായ പരാജയമാണു മുന്നിലുള്ളത്. കൽപറ്റ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com