ADVERTISEMENT

കോഴിക്കോട് ∙ വലുപ്പ ചെറുപ്പം നോക്കാതെ എല്ലാവരോടും സൗമ്യമായി ഇടപെടുകയും സൗഹൃദം നിലനിർത്തുകയും ചെയ്ത പൊതുപ്രവർത്തകനെയാണു മുൻ മേയർ എ.ശങ്കരന്റെ നിര്യാണത്തോടെ നഗരത്തിനു നഷ്ടമായത്. കക്കട്ടിൽ ആയാടത്ത് തറവാട്ടംഗമായ ശങ്കരൻ വട്ടോളി നാഷനൽ ഹൈസ്കൂളിലെ പഠനശേഷം പ്രീഡിഗ്രി വിദ്യാർഥിയായി ഫാറൂഖ് കോളജിലെത്തി. ബിരുദ കോഴ്സിനു ദേവഗിരി കോളജിൽ ചേർന്നു.

അന്നു മുതൽ അദ്ദേഹം നഗരത്തിലെ പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങി. ദേവഗിരി കോളജിൽ വിദ്യാർഥി സംഘടനയുടെ സജീവ പ്രവർത്തകനായാണു പൊതുരംഗത്തു പ്രവേശിച്ചത്. ബിരുദ പഠനശേഷം എറണാകുളം ലോ കോളജിൽ ചേർന്ന ശങ്കരൻ എ.കെ.ആന്റണി, വയലാർ രവി എന്നിവരുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായി. നിയമപഠനം കഴിഞ്ഞു കോഴിക്കോട്ട് എത്തി അഭിഭാഷക ജോലിയെക്കാൾ കൂടുതൽ പൊതുകാര്യങ്ങളിൽ ഇടപെട്ടു.

1983 ഒക്ടോബർ 30നു കോഴിക്കോട് മേയറുടെ ഗൗൺ അണിഞ്ഞപ്പോഴും അദ്ദേഹം കക്കട്ടിൽ ഗ്രാമത്തിൽ നിന്ന് ആർജിച്ചെടുത്ത സ്നേഹവും വിനയവും കാത്തു സൂക്ഷിച്ചു. പാരീസിൽ നടന്ന ലോക മേയർമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. മേയർമാരുടെ കൗൺസിൽ അധ്യക്ഷനായും പ്രവർത്തിച്ചു. ഒരിക്കലും ക്ഷോഭിക്കാതെ ഇടപെടുന്ന എ.ശങ്കരൻ നഗരത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട ശങ്കരൻ വക്കീലായിരുന്നു. ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ അദ്ദേഹം വിഷയങ്ങൾ പഠിച്ചു തൊഴിലാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. തൊഴിലാളികൾക്കു വേണ്ടി അദ്ദേഹം നിയമ പോരാട്ടം വരെ സ്വന്തം നിലയിൽ നടത്തി. നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് സംഘാടനത്തിൽ പ്രധാന പങ്കു വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com