ADVERTISEMENT

കോഴിക്കോട്∙ അശാസ്ത്രീയ നിർമാണത്തെ തുടർന്നു വിവാദമായ കോഴിക്കോട്ടെ കെഎസ്ആർടിസി ടെർമിനൽ കോംപ്ലക്സിൽ പാർക്കിങ് ട്രാക്കിൽ നിർത്തിയ ബസ് പുറത്തെടുക്കാനാവാതെ 15 മണിക്കൂറോളം തൂണുകൾക്കിടയിൽ കുടുങ്ങി. ഒടുവിൽ, തൂണുകളുടെ സുരക്ഷയ്ക്കു സ്ഥാപിച്ച ഇരുമ്പു വളയം യന്ത്രങ്ങൾ എത്തിച്ച് മുറിച്ചുമാറ്റി ബസ് പുറത്തെടുക്കുകയായിരുന്നു. 

    കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുക്കാൻ പിറകിലേക്ക് എടുക്കുമ്പോൾ സൈഡ് മിറർ തൂണിൽ തട്ടാതിരിക്കാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസ് തള്ളിപ്പിടിക്കുന്നു. 				           ചിത്രം: മനോരമ
കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തെടുക്കാൻ പിറകിലേക്ക് എടുക്കുമ്പോൾ സൈഡ് മിറർ തൂണിൽ തട്ടാതിരിക്കാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസ് തള്ളിപ്പിടിക്കുന്നു. ചിത്രം: മനോരമ

വ്യാഴാഴ്ച രാത്രി 9.50നാണ് കെഎൽ 15എ 2323 സെമി സീറ്റർ എസി സ്വിഫ്റ്റ് ബസ് ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ട് എത്തിയത്. യാത്രക്കാരെ ഇറക്കി ഡ്രൈവർ ബസ് വടക്കു ഭാഗത്തെ ഒഴിവുള്ള പാർക്കിങ് ട്രാക്കിൽ കയറ്റി. സൂപ്പർവൈസറുടെ നിർദേശത്തിൽ രാത്രി തന്നെ ട്രാക്ക് മാറ്റി കയറ്റാൻ ശ്രമിച്ചെങ്കിലും ബസ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞു ഡ്രൈവർ പോയി. തുടർന്നു രാത്രി ഡ്യൂട്ടിക്കാരായ സർവീസ് ഡ്രൈവർമാർ ബസ് മാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി.

ഇന്നലെ രാവിലെ പത്തോടെ ടെർമിനൽ ഡിപ്പോ എൻജിനീയർ കെ.പി.അബൂബക്കറും സർവീസ് സൂപ്പർവൈസർമാരും എത്തി ശ്രമം നടത്തി. ഒടുവിൽ, ട്രാക്കിലെ രണ്ടു ഭാഗത്തെ തൂണിൽ സ്ഥാപിച്ച സുരക്ഷാ വളയം മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ പാവങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു രാവിലെ 11.50നു യന്ത്രങ്ങൾ എത്തിച്ചാണു മുറിച്ചുമാറ്റാൻ തുടങ്ങിയത്. ഒരുമണിയോടെ ബസ് പുറത്തെടുത്തു.

കെഎസ്ആർടിസിയുടെ സാധാരണ ബസുകളിൽനിന്നു വ്യത്യസ്തമായി സ്വിഫ്റ്റ് ബസുകൾക്ക് ഹൈഡ്രോളിക് നിയന്ത്രിത സ്പ്രിങ് ആക‍്ഷൻ ആയതിനാൽ ബസിന്റെ പാർശ്വങ്ങളിൽ തൂണും ബസും തമ്മിൽ കുറഞ്ഞത് 4 ഇഞ്ച് അകലം അത്യാവശ്യമാണ്. സ്റ്റാർട്ടായ ബസ് ചെറിയ രീതിയിൽ ചലിച്ചുതുടങ്ങിയ ശേഷം ബ്രേക്ക് ചെയ്താൽ ഇരുവശങ്ങളിലേക്കും ആടിയുലയും. ബസിന്റെ വിലയേറിയ സൈഡ് ഗ്ലാസ് ഇരുവശങ്ങളിലെയും തൂണിൽ തട്ടി പൊട്ടാൻ സാധ്യതയുള്ളതിനാലാണു പരിചിതസമ്പന്നരായ മറ്റു ഡ്രൈവർമാർ പോലും ട്രാക്കിൽ കുടുങ്ങിയ ബസ് പുറത്തെടുക്കാൻ ശ്രമിക്കാതിരുന്നത്.

തൂണിലെ സുരക്ഷാ വളയം മുറിച്ചുമാറ്റിയ ശേഷവും ഇരുവശങ്ങളിലും ചെറിയ അകലം മാത്രമേയുള്ളു. ഒടുവിൽ ബസ് ഇളകാതിരിക്കാൻ യാത്രക്കാർ ബസ് ഒരുവശത്തേക്കു തള്ളിപ്പിടിച്ചു. ഡിപ്പോ സീനിയർ ഡ്രൈവർ ജയചന്ദ്രൻ മഠത്തിലാണു വിദഗ്ധമായി ബസ് പോറലേൽക്കാതെ പുറകോട്ടെടുത്തത്.

ടെർമിനൽ നിർമാണത്തിലെ അശാസ്ത്രീയതയ്ക്ക് വീണ്ടും തെളിവായി

കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിലെ അശാസ്ത്രീയത വ്യക്തമാകുന്നതാണ് സ്വിഫ്റ്റ് ബസ് ട്രാക്കിൽ കുടുങ്ങിയ സംഭവം. ട്രാക്കുകളിലെ തൂണുകൾ 15 അടി വീതിയിൽ നിർമിച്ചെങ്കിലും ചിലത് 13 അടിയാണ്. മാത്രമല്ല പുതുതായി പുറത്തിറങ്ങുന്ന ഹൈടെക് ബസുകൾ നിലവിലുള്ള ബസുകളെക്കാൾ നീളമുള്ളതും തറയിൽനിന്ന് ഉയരം കുറവുള്ളതുമാണ്.

ട്രാക്ക് രൂപപ്പെടുത്തിയത് പഴയകാല ബസുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ്. അതിനാൽ ട്രാക്കിലെ സ്റ്റോപ്പറിൽ ഇത്തരം ബസുകളുടെ ബമ്പർ ഇടിക്കുന്നത് നിത്യ സംഭവമാണെന്നു ഡ്രൈവർമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com