ADVERTISEMENT

വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിൽ 13 കെട്ടിടങ്ങൾ ഇനിയും പൊളിച്ചുമാറ്റാൻ ബാക്കി. നൂറോളം കെട്ടിടങ്ങൾക്ക് നോട്ടിസ് നൽകി കച്ചവടക്കാരെ കുടിയൊഴിപ്പിച്ചെങ്കിലും സാങ്കേതികക്കുരുക്കിലും കേസിലും പെട്ട 13 കെട്ടിടങ്ങൾ ഇപ്പോഴും തൊടാനായിട്ടില്ല. കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങിയതു മുതൽ കച്ചവടക്കാരെ ഭീഷണിപ്പെടുത്തി വരെ ഒഴിപ്പിച്ച സംഭവങ്ങളുണ്ട്. എന്നാൽ, സാങ്കേതിക നടപടിയിൽ കുടുങ്ങിയ കെട്ടിടങ്ങൾ എങ്ങനെ പൊളിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ.

പല കെട്ടിടത്തിലും ഉടമകൾ കച്ചവടക്കാർക്ക് അഡ്വാൻസ് തിരികെ നൽകാത്ത പ്രശ്നമുണ്ട്. പിതാവ് വാങ്ങിയ അഡ്വാൻസ് കാലശേഷം കെട്ടിടം നടത്തുന്ന മക്കൾ തിരിച്ചുനൽകില്ലെന്നു പറയുന്നതും കച്ചവടക്കാർ ഒഴിയാത്തതിനു കാരണമാവുന്നു. അഡ്വാൻസ് വാങ്ങിയതിനു പലയിടത്തും രേഖയില്ലാത്തതുകൊണ്ട് ഇതു തെളിയിക്കാനും ബുദ്ധിമുട്ടാണ്. ചില കെട്ടിടങ്ങൾ പാതി പൊളിക്കേണ്ടവയാണ്. ഇവ അറ്റകുറ്റപ്പണി നടത്തി ചെറിയ കടമുറികളാക്കുമ്പോൾ പുതിയ കച്ചവടക്കാരെ തേടുകയാണ് കെട്ടിടം ഉടമകൾ.

ഇത്തരം കെട്ടിടങ്ങളിൽ പഴയ കച്ചവടക്കാർ ഒഴി‍യാത്ത പ്രശ്നമുണ്ട്. പുതിയ കച്ചവടക്കാരെ കണ്ടെത്തിയാൽ ഉടമയ്ക്ക് പുതിയ നിരക്കിൽ വൻ വാടക ഈടാക്കാം. എന്നാൽ കൈവശക്കാർ ഇതിന് സഹകരിക്കാത്തതും തർക്കമാവുന്നു. കച്ചവടക്കാർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാത്തതുകൊണ്ട് പലയിടത്തും ഒഴിഞ്ഞിട്ടില്ല. ആദ്യം കച്ചവടക്കാർക്ക് 2 ലക്ഷവും ഒരു ജീവനക്കാരന് 60,000 രൂപയുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. വീട് പൂർണമായും നഷ്ടപ്പെടുന്നവർക്ക് മാറിത്താമസിക്കുന്നതു വരെ വാടക നൽകാനും മറ്റുമായി 2,56,000 രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും പലർക്കും കിട്ടിയിട്ടില്ല.

ഇപ്പോൾ കച്ചവടക്കാർക്ക് 75,000 രൂപ മാത്രമേ നഷ്ടപരിഹാരം കിട്ടൂ എന്നാണ് പറയുന്നത്. 1966ലെ ദേശീയപാത നിയമ പ്രകാരം കണക്കാക്കിയ തുകയാണിത്. കച്ചവടക്കാരന്റെ നഷ്ടപരിഹാരം കിട്ടാനും ഏറെ ബുദ്ധിമുട്ടു നേരിടുന്നു. 2011ൽ ദേശീയപാത ഏറ്റെടുക്കൽ നടപടി തുടങ്ങിയ കാലത്ത് കച്ചവടം നടത്തിയിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാലേ നഷ്ടപരിഹാരം കിട്ടൂ. കച്ചവട മുറികൾ മേൽ വാടകയ്ക്ക് എടുത്തവർക്കും നഷ്ട പരിഹാരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com