ADVERTISEMENT

നരിക്കുനി∙ പ്ലസ് ടു പരീക്ഷാഫലമറിഞ്ഞപ്പോൾ ഫിനുവിന്റെ ഹൃദയം തുടിച്ചു; തനിക്ക് ഹൃദയം തന്ന ആ കുടുംബത്തിനടുത്ത് ഓടിയെത്തി മധുരം പങ്കുവച്ച് വിജയമാഘോഷിച്ചു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഫിനു ഷെറിനാണ് തനിക്ക് ഹൃദയം നൽകിയ വിഷ്ണുവിന്റെ കുടുംബത്തെ കാണാനെത്തിയത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫിനു ഷെറിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തീരുമാനിച്ചത്. പൊതുപ്രവർത്തകനായ സലീം മടവൂർ ചെയർമാനും മുസ്തഫ നുസരി വർക്കിങ് ചെയർമാനുമായി ചികിത്സാ കമ്മിറ്റി രൂപീകരിച്ചു. 14 വയസ്സുകാരിക്ക് അനുയോജ്യമായ ഹൃദയം ലഭിക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി.

കോഴിക്കോട് മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് കോഴിക്കോട് മെട്രോ കെയർ ആശുപത്രിയിൽ ഫിനു ഷെറിന്റെ ശരീരത്തിൽ ഡോ. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിന്റെ ഹൃദയം തുന്നിച്ചേർത്തു.

എസ്എസ്എൽസി പരീക്ഷയിൽ ഒൻപത് എ പ്ലസുകളുമായി വിജയം നേടി. ഇത്തവണ കെമിസ്ട്രി പരീക്ഷയ്ക്കു മാത്രമാണ് ഒരു മാർക്കിന് എ പ്ലസ് നഷ്ടമായത്. വീട്ടിലെത്തിയ ഫിനു ഷെറിനെയും കുടുംബത്തെയും വിഷ്ണുവിന്റെ പിതാവ് സുനിൽ, അമ്മ ബീന സഹോദരി ലക്ഷ്മി എന്നിവർ സ്വീകരിച്ചു. ഒരു വർഷത്തെ എൻട്രൻസ് പരിശീലനത്തിനു ശേഷം നീറ്റ് പരീക്ഷ വഴി എംബിബിഎസിനു ചേരാനാണ് ഫിനുവിന്റെ മോഹം. പാലാ ബ്രില്യൻസ് സ്റ്റഡി സെന്റർ ഫിനുവിന് ഒരു വർഷത്തെ പരിശീലനം സൗജന്യമായി നൽകുമെന്ന് ഡയറക്ടർ ജോർജ് തോമസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com