പാസ്‌വേഡ് ചോർത്തൽ: കെട്ടിടങ്ങൾ വീണ്ടും പരിശോധിക്കാൻ കോഴിക്കോട് കോർപറേഷൻ

password
SHARE

കോഴിക്കോട്∙ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പറിട്ട സംഭവത്തിൽ കോർപറേഷൻ ആഭ്യന്തര അന്വേഷണം തുടങ്ങി. അഡിഷനൽ സെക്രട്ടറി കെ.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. 5 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. പാസ്‌വേഡ്  ചോർന്ന സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ആഭ്യന്തര സംഘം പ്രധാനമായും അന്വേഷിക്കുക.

ഏതൊക്കെ ജീവനക്കാരുടെ പാസ്‌വേഡ് ആണു ചോർന്നത്, എത്ര പേരുമായി പങ്കിട്ടു, ഏതു സാഹചര്യത്തിലാണ് പാസ്‌വേഡ്  കൈമാറിയത് എന്നീ കാര്യങ്ങളാണ്  സംഘം അന്വേഷിക്കുക.  കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ജീവനക്കാരുടെയും ലോഗിനിൽ നിന്നു നടത്തിയ ഡേറ്റാ എൻട്രികൾ വിശദമായി പരിശോധിക്കണമെന്നു ജീവനക്കാർക്കു കുറിപ്പു നൽകുമെന്ന് അഡീഷനൽ സെക്രട്ടറി അറിയിച്ചു.

2019 നു ശേഷം അനുമതി നൽകിയ കെട്ടിടങ്ങളുടെ വിവരങ്ങൾ വീണ്ടും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓരോ കെട്ടിടങ്ങളുടെയും വിവരങ്ങളെടുത്ത് പ്രത്യേകം പരിശോധിക്കും. നിയമാനുസൃതമല്ലാതെ അനുമതി നൽകിയവയുണ്ടെന്നു കണ്ടെത്തിയാൽ ഇവ റദ്ദാക്കി തുടർ നടപടികൾക്കായി കെട്ടിട ഉടമകൾക്കു നോട്ടിസ് നൽകാനാണു തീരുമാനം. 

അതേസമയം പാസ്‌വേഡ് ദുരുപയോഗം ചെയ്തത് ആരാണെന്ന അന്വേഷണം പൂർണമായും പൊലീസിനു വിട്ടു കൊടുക്കും. സൈബർ വിദഗ്ധർ ഇല്ലാത്തതിനാൽ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം ഉൾപ്പെടുത്തില്ല.6 കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയതായി കണ്ടെത്തിയെങ്കിലും ഇതിൽ ഡിജിറ്റൽ ഒപ്പിട്ട ഒരു കേസിൽ മാത്രമാണ് കംപ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്. ഇതു ചെറുവണ്ണൂർ മേഖലാ ഓഫിസിൽ നിന്നുള്ള  കംപ്യൂട്ടറിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.

സമാന രീതിയിൽ മറ്റ് 5 ലോഗിനുകൾ നടത്തിയ കംപ്യൂട്ടർ ഏതാണെന്നു കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ടു കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) കത്തു നൽകി. എന്നാൽ ഡിജിറ്റൽ സിഗ്നേച്ചർ രേഖപ്പെടുത്താത്തതിനാൽ ഇവയുടെ ഐപി അഡ്രസ് കണ്ടെത്താൻ പ്രയാസമാണെന്നാണ് ഐകെഎം ആദ്യം നൽകിയിരുന്ന മറുപടി. വിദഗ്ധ സഹായത്തോടെ ഇതു കണ്ടെത്താൻ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. 

കോർപറേഷൻ നൽകിയ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈബർ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചോർത്തിയ പാസ്‌വേഡ് ഉപയോഗിച്ച് ആരാണ് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതെന്നതാണ് പൊലീസ് പ്രധാനമായും കണ്ടെത്തേണ്ടത്. എന്നാൽ  അനധികൃതമായി നമ്പർ സംഘടിപ്പിച്ച കെട്ടിട ഉടമകളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഏതു വ്യക്തി മുഖേനെയാണു നമ്പർ ലഭിച്ചതെന്നു കണ്ടെത്താൻ കഴിയുമെന്നിരിക്കെ ആ  വഴിയിലേക്ക് പൊലീസ് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS