ADVERTISEMENT

നടുവണ്ണൂർ ∙ കുറ്റ്യാടി– കോഴിക്കോട് റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം ഉള്ളിയേരി എയുപി സ്കൂളിനു സമീപം സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന് ഇടയാക്കിയതെന്ന ആക്ഷേപമുണ്ട്. സ്വകാര്യ ബസുകളുടെയും ടിപ്പർ ലോറികളുടെയും മരണപ്പാച്ചിലിൽ ഈ റൂട്ടിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. റോഡിലോടുന്ന മറ്റു വാഹനങ്ങൾക്ക് പുല്ലു വില കൽപ്പിച്ചാണ് ഇവരുടെ മത്സരയോട്ടം. കഴിഞ്ഞ വർഷം തെരുവത്തുകടവ് പാലത്തിൽ ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു. ഇതേ സ്ഥലത്ത് അഞ്ച് വർഷം മുൻപ് ബസിടിച്ച് നാദാപുരം സ്വദേശികളായ രണ്ടു പേർ മരിച്ചിരുന്നു. 

ഉള്ളിയേരി മാമ്പൊയിലിൽ വ്യത്യസ്ത ദിവസങ്ങളിലുണ്ടായ ഉണ്ടായ ബസപകടത്തിൽ മുസ്‌ലീം ലീഗ് നേതാവ് ഉൾപ്പെടെ രണ്ടു പേരുടെ ജീവൻ എടുത്തിരുന്നു. കരുവണ്ണൂർ പുതിയപ്പുറത്ത് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വ്ത്യസ്ത അപകടത്തിൽ അഞ്ച് പേർ മരിച്ചിരുന്നു. തെരുവത്ത് കടവ് പാലത്തിനടുത്ത് സമീപത്തെ സ്കൂൾ വിദ്യാർഥി റോഡ് മുറിച്ചു കടക്കവെ ബസ് തട്ടി മരിച്ചിരുന്നു. ഉള്ളിയേരി സ്കൂളിനടുത്ത് ബസിനടിയിൽപ്പെട്ട് പിഞ്ചു കുട്ടി മരിച്ച സംഭവമുണ്ടായി. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ വാഹനമിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചത് നാലു വർഷം മുൻപാണ്. മുളിയങ്ങലും കടിയങ്ങാടും കൈതക്കലും കൂത്താളി രണ്ടേ ആറിലും സമാന അപകടങ്ങിൽ ജീവൻ നഷ്ടമായിട്ടുണ്ട്. 

ഓരോ അപകടം സംഭവിക്കുമ്പോഴും റവന്യൂ, പൊലീസ്, വാഹന വകുപ്പ് അധികൃതർ എത്തി അമിത വേഗം നിയന്ത്രിക്കുന്നതിന് നടപടി എടുക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകുമെങ്കിലും ദിവസങ്ങൾക്കകം ഇതു മറന്നു പോകും. അമിത വേഗവും മത്സരയോട്ടവും തുടരുകയും ചെയ്യും. ഈ റൂട്ടിൽ ഇരുചക്ര വാഹനക്കാരും മറ്റു ചെറിയ വാഹനക്കാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് തുടർച്ചയായി മൂന്നു ദിവസം പണിമുടക്കി യാത്രക്കാരെ വലച്ചിരുന്നു. വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്ന് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടായാൽ മാത്രമേ അപകട മരണങ്ങൾക്ക് അറുതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com