ADVERTISEMENT

കോഴിക്കോട് ∙ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വരുന്നവരെ വലയിലാക്കി ലഹരിവിൽപന നടത്തിയ ആൾ ഒടുവിൽ ലഹരിവിരുദ്ധ ദിനത്തിൽ പൊലീസിന്റെ പിടിയിൽ. ജില്ലാ ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തിച്ചിരുന്ന ഒഎസ്ടി വിമുക്തി കേന്ദ്രത്തിനു മുന്നിൽ ലഹരിവിൽപന നടത്തിയ നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവി(54)യാണ് നടക്കാവ് പൊലീസിന്റെയും ഡൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.

സ്കൂട്ടറിൽ വിൽപനയ്ക്കായി കൊണ്ടുവന്ന അരക്കിലോ കഞ്ചാവും പിടികൂടി.ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഒഎസ്ടി പ്രവർത്തിക്കുന്നത്. ഇവിടേക്ക് ലഹരിമുക്തിക്കായി വരുന്നവരെ പ്രലോഭിപ്പിച്ച് വീണ്ടും ലഹരിക്ക് അടിമപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്താനാണ് ലഹരിമരുന്ന് വിൽപനക്കാരുടെ ശ്രമം. മൊത്തവിപണനക്കാർ ആന്ധ്രയിൽനിന്നു കൊണ്ടുവരുന്ന കഞ്ചാവാണ് പ്രധാനമായും വിൽക്കുന്നത്.

നടക്കാവ് എസ്ഐ എസ്ബി കൈലാസ് നാഥ് ആണ് അറസ്റ്റ് ചെയ്തത്. ഒഎസ്ടി പരിസരത്തു ആവശ്യക്കാരെ നേരിൽക്കണ്ട് ബോധ്യപ്പെട്ടശേഷം മാത്രമാണ് പ്രതി ‘ഓർഡർ’ സ്വീകരിച്ചിരുന്നത്. പിറ്റേദിവസം നേരിൽ കണ്ട് കഞ്ചാവ് കൈമാറും. എസിപി പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘത്തിലെ അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ.അഖിലേഷ്, സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com