ADVERTISEMENT

കോഴിക്കോട് ∙ വൈദ്യുതി ബോർഡിന്റെ അനാസ്ഥയിൽ ഇരുട്ടിലായ പുതിയറ പുതിയടത്ത് കണ്ടി പറമ്പ് ജയേന്ദ്രന്റെ വീട്ടിലേക്കു വെളിച്ചവുമായി ഭിന്നശേഷിക്കാരനായ സംരംഭകൻ പെരുവണ്ണാമൂഴി മഠത്തിനകത്ത് വീട്ടിൽ എം.എ.ജോൺസൺ എത്തി. സൗരവൈദ്യുതിയിൽനിന്ന് വീട്ടിൽ ഉച്ചയോടെ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ സ്വിച്ച് ഓൺ നിർവഹിച്ചു.

ജയേന്ദ്രനും ഭാര്യ ജയലതയും താമസിക്കുന്ന വീട്ടിൽ 4 ബൾബുകളും ഒരു ഫാനും ഒരു റേഡിയോയും പ്രവർത്തിച്ചതിന് കെഎസ്ഇബി 18353 രൂപയുടെ ബിൽ നൽകിയത് വാർത്തയായിരുന്നു. ജയേന്ദ്രന്റെ ദുരിതജീവിതം സംബന്ധിച്ച് മനോരമ വാർത്ത കണ്ടാണ് ജോൺസൺ സഹായത്തിന് എത്തിയത്. ജോൺസൺ നേതൃത്വം നൽകുന്ന എംടെക് ഇലക്ട്രോ ഡിജിറ്റൽ ഇൻഡസ്ട്രിയും സത്വ എൻവയൺമെന്റൽ ഓർഗനൈസേഷനും ചേർന്നാണു സോളർ വൈദ്യുതി നൽകിയത്.

4 ബൾബ്, ഒരു ഫാൻ, റേഡിയോ എന്നിവ പ്രവർത്തിപ്പിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയത്. ഉച്ചയ്ക്ക് ഒന്നോടെ ജോൺസൺ, ഭാര്യ ഉഷ, മകൻ ജെഷൂൺ, സത്വ പ്രസിഡന്റ് സി.പി.ബിനീഷ്, സെക്രട്ടറി വി.സി.ഹരീഷ് എന്നിവർ സോളർ പാനലും അനുബന്ധ ഉപകരണങ്ങളുമായി എത്തി. ഇടുങ്ങിയ വഴിയിലൂടെ ചക്രക്കസേരയിലാണു ജോൺസൺ ജയേന്ദ്രന്റെ വീട്ടിലെത്തിയത്. സമൂഹത്തിന് ഒരു സന്ദേശം എന്ന നിലയിലാണ് ഈ സൽക്കർമം ചെയ്യുന്നതെന്നു ജോൺസൺ പറഞ്ഞു.

ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ സുനിത തൈതോടൻ, കാലിക്കറ്റ് സിറ്റി പെയി‍ൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ വി.രാധാകൃഷ്ണൻ, സെക്രട്ടറി ബി.വി.ജാഫർ, യുവമോർച്ച ജില്ലാ പ്രസിഡന്റും കൗൺസിലറുമായ ടി.രനീഷ്, ബിജെപി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി തുടങ്ങിയവർ സഹായ സഹകരണങ്ങളുമായി എത്തി. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പാചകവാതക കണക്‌ഷൻ സുനിത തൈതോടൻ മുൻകയ്യെടുത്ത് പുനഃസ്ഥാപിച്ചു. പുതിയ സിലിണ്ടർ വീട്ടിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com