ADVERTISEMENT

കോഴിക്കോട്∙ കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ കൂടുതൽ കെട്ടിടങ്ങൾ അനധികൃതമാണെന്നു കണ്ടെത്തി. കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് 68ാം വാർഡിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായി കണ്ടെത്തിയത്. കോർപറേഷൻ ഓഫിസിലെ രേഖകളും കെട്ടിട ഉടമകളുടെ കൈവശമുള്ള രേഖകളും തമ്മിൽ ഒത്തു പോകുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോർപറേഷൻ വിഭാഗം റീജനൽ ജോ.ഡയറക്ടർ സജു ഡേവിഡ് സർക്കാരിനു ശുപാർശ സമർപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുകയാണു വേണ്ടത്. എന്നാൽ ഇവയ്ക്ക് അനധികൃതമായി നമ്പർ നൽകിയതു വഴി കോർപറേഷനു കിട്ടേണ്ട വലിയ തുകയാണ് നഷ്ടപ്പെട്ടത്. ഓഫിസ് യൂസർനെയിം, പാസ്‌വേഡ് ഉപയോഗിക്കുന്ന കാര്യത്തിൽ ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല.

സംസ്ഥാനമൊട്ടാകെ ഇക്കാര്യത്തിൽ പരിശീലനവും സെക്രട്ടറിമാർക്ക് അടിയന്തര നിർദേശവും നൽകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർ കോർപറേഷൻ ഓഫിസിൽ മിന്നൽ പരിശോധന നടത്തി. റവന്യു വിഭാഗത്തിൽ നിന്നു ഫയലുകൾ ശേഖരിച്ചു. കരിക്കാംകുളത്തെ മദ്രസയ്ക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്ലാർക്കുമാരായ എം.അനിൽകുമാറിനെയും പി.കെ.സുരേഷിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

മറ്റ് അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ ഇവർക്കു ബന്ധമുണ്ടോ എന്നന്വേഷിക്കുന്നതിനാണു കസ്റ്റഡിയിൽ വാങ്ങുന്നത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ കമ്മിറ്റി ഇന്ന് മേയർ ബീന ഫിലിപ്പിന് റിപ്പോർട്ട് സമർപ്പിക്കും. സസ്പെൻഷനിലായ ജീവനക്കാർക്കെതിരെയുള്ള നടപടി പിൻവലിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com