ADVERTISEMENT

കോഴിക്കോട്∙ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികൾ പാതി വഴി എത്തുമ്പോൾ മുട്ടാപ്പോക്ക് ന്യായങ്ങൾ ചൂണ്ടിക്കാട്ടി മുടക്കുന്ന പരിപാടി വനം വകുപ്പ് ഉദ്യോഗസ്ഥർ ഉപേക്ഷിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ കർശന നിർദേശം. തടസ്സങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ ഉന്നയിക്കണമെന്നും പകുതിക്ക് വച്ച്  തടസ്സപ്പെടുത്തുന്ന  ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്ന് വനം മേധാവി ബെന്നിച്ചൻ തോമസ് എല്ലാ ചീഫ് കൺസർവേറ്റർമാർക്കും സർക്കുലർ നൽകി.

തേക്കടിയിൽ പെരിയാർ സങ്കേതത്തിന്റെ ബഫർ സോണിൽ എൻസിസിയുടെ ചെറു വിമാനങ്ങൾക്ക് ഇറങ്ങാനുള്ള എയർ സ്ട്രിപ്പ് നിർമാണത്തിന് വനം വകുപ്പ് ഉടക്കിട്ടതാണ് സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും ചൊടിപ്പിച്ചത്. ബഫർ സോൺ പ്രശ്നങ്ങളും വന്യ മൃഗങ്ങൾക്കുണ്ടാവുന്ന ശല്യങ്ങളും ആദ്യമേ ചൂണ്ടിക്കാട്ടേണ്ടതിനു പകരം പദ്ധതി തീരാറാവുമ്പോൾ വിവിധ ഉടക്കുകൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് ചീഫ് െസക്രട്ടറി ചൂണ്ടിക്കാട്ടി.

മലയോര പാത, വയനാട് തുരങ്ക പാത തുടങ്ങിയ  പദ്ധതികൾക്കും ഇതേ പ്രശ്നങ്ങളുണ്ട്. വിവിധ പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതിനെ കുറിച്ച്  ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് വനം വകുപ്പിന്റെ നടപടികൾ കടുത്ത വിമർശനം നേരിട്ടത്.  വന സംരക്ഷണ നിയമം 1980, കേരള ഫോറസ്റ്റ് ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം 1972, വനാവകാശ നിയമം 2006 തുടങ്ങി വിവിധ നിയമങ്ങൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് പദ്ധതികൾ മുടക്കുകയാണെന്നായിരുന്നു വിമർശനം. 

"വന മേഖലയോടു ചേർന്നുള്ള പല പദ്ധതികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വനംമേധാവിയുമായുള്ള യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തടസ്സങ്ങൾ ഉണ്ടെങ്കിൽ ആദ്യമേ പറയണം. അല്ലെങ്കിൽ പൊതു പണമാണ് പാഴാകുന്നത്. പദ്ധതി നടക്കുകയുമില്ല. ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല." -വി.പി.ജോയ്, ചീഫ് സെക്രട്ടറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com