ADVERTISEMENT

കോഴിക്കോട്∙ ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം ആണു വേണ്ടതെന്നു ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. സർക്കാരും പ്രതിപക്ഷവും അതിനു  സഹകരിക്കണമെന്നും ബിഷപ് പറഞ്ഞു. ബഫർ സോൺ വഞ്ചനയ്ക്കെതിരെ എന്ന മുദ്രാവാക്യവുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്നു നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വഴക്കിടുന്നതു നിർത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണു വേണ്ടത്. ബഫർ സോൺ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം. മനുഷ്യനാണ് പ്രാധാന്യം നൽകേണ്ടത്. പ്രകൃതിയെ സ്നേഹിക്കുകയും നാടിനെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന കർഷകരെ ദ്രോഹിക്കരുത്. 1926 മുതൽ കുടിയേറി ജീവിക്കുന്ന മനുഷ്യരെ പുറത്താക്കി അവിടെ വന്യജീവികൾക്കു സംരക്ഷണം ഒരുക്കുകയാണ്. ഇതു പള്ളിക്കാരുടെ മാത്രം പ്രശ്നമല്ല, നാനാ ജാതി മതക്കാരുടെയും പ്രശ്നമാണ്. മലയോര ജനത തിരഞ്ഞെടുത്ത എംഎൽഎമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും ബിഷപ് പറഞ്ഞു.

പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കൺവീനറും സിറോ മലബാർ സഭ വക്താവുമായ ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. മലയോരജനതയുടെ പ്രശ്നത്തിൽ ഒന്നും അറിഞ്ഞില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തു വെട്ടാൻ വന്നവനോടു കയ്യും കാലും വെട്ടിയാൽ മതിയെന്നു പറയുന്ന നിലപാടാണു ബഫർ സോൺ വിഷയത്തിൽ സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ട ജനസംരക്ഷണ സമിതി കോഓർഡിനേറ്റർ ഫാ. ബെന്നി മുണ്ടനാട്ട്, ഇൻഫാം താമരശ്ശേരി രൂപത പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കക്കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. ഫാ. ജോസ് പെണ്ണാപറമ്പിൽ, ഫാ. സായ് പാറൻകുളങ്ങര, തോമസ് വലിയപറമ്പൻ, അഭിലാഷ് കുടിപ്പാറ, ഫാ. ജോസഫ് കളരിക്കൽ, ഫാ. വിൻസെന്റ് കണ്ടത്തിൽ, ബെന്നി ലൂക്കോസ്, ഫാ. സബിൻ തൂമുള്ളിൽ, അനീഷ് വടക്കേൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനത്തിൽ ആയിരക്കണക്കിനു കർഷകർ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com