കോഴിക്കോട് ∙ നീന്തൽ സർട്ടിഫിക്കറ്റിനായി സ്വിമ്മിങ് പൂളിൽ നീന്താനിറങ്ങിയ വിദ്യാർഥിനി മുങ്ങി. മറ്റൊരു വിദ്യാർഥിക്ക് ഒപ്പമെത്തിയ രക്ഷിതാവ് കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ നടക്കാവ് ഗവ. യുപി സ്കൂൾ വളപ്പിലെ സ്വിമ്മിങ് പൂളിലാണ് സംഭവം. പ്ലസ്ടു പ്രവേശനത്തിനു ഗ്രേസ് മാർക്ക് ലഭിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇതിനു കുട്ടികൾ നീന്തി കാണിക്കണം. ഇതു നോക്കാനായി ഒരു ജീവനക്കാരൻ ഇവിടെ ഉണ്ട്. ഇദ്ദേഹം കടലാസ് വാങ്ങിയ ശേഷം കുട്ടികളോട് പൂളിലേക്ക് ചാടാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചാടിയ കുട്ടികളിലൊരാൾ ആദ്യ തവണ മുങ്ങി. രണ്ടാം തവണ മുങ്ങുമ്പോഴാണ് ഫറോക്ക് പാതിരിക്കാട് സ്വദേശി ജാബിർ പൂളിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടനെ കുട്ടിയുടെ മാതാവും അടുത്തെത്തി.
കുട്ടികളെ കൊണ്ട് നീന്തിപ്പിക്കുന്ന സമയത്തെങ്കിലും സ്വിമ്മിങ് പൂളിൽ സുരക്ഷ ഉറപ്പാക്കണമെന്നു ജാബിർ പറഞ്ഞു. ഇവിടെ പെൺകുട്ടികൾ നീന്തുമ്പോൾ പോലും വനിതാ ജീവനക്കാരില്ല. എന്തെങ്കിലും സംഭവിച്ചാൽ കുട്ടികളെ കൊണ്ടുപോകാൻ ആംബുലൻസ് സംവിധാനമില്ല. കുട്ടികളോടു 100 രൂപ ഫീസും വാങ്ങുന്നുണ്ട്. നീന്തൽ അറിയാത്ത കുട്ടികൾ സ്വിമ്മിങ് പൂളിൽ ഇറങ്ങിയതാണ് സംഭവത്തിനു കാരണമായതെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ പറഞ്ഞു. നീന്തൽ അറിയാത്തവർ ഇറങ്ങരുതെന്നു പ്രത്യേകം പറയുന്നുണ്ട്. സർട്ടിഫിക്കറ്റ് നൽകാൻ ഫീസ് വാങ്ങുന്നില്ലെന്നും സ്വിമ്മിങ് പൂൾ ഉപയോഗ ഭാഗമായാണ് 100 രൂപ ഈടാക്കുന്നതെന്നും സെക്രട്ടറി വി.സുലൈമാൻ പറഞ്ഞു.
സർട്ടിഫിക്കറ്റ് ഇന്ന്മുതൽ ബ്ലോക്ക്അടിസ്ഥാനത്തിൽ
കോഴിക്കോട് ∙ ജില്ലാ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നടക്കാവിലെ സ്വിമ്മിങ് പൂളിൽ നിന്ന് നാനൂറിലേറെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റ് നൽകുന്നതിനു ഇന്നു മുതൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.