ADVERTISEMENT

ബേപ്പൂർ ∙ ആഴക്കടലിൽ കാറ്റിലും തിരമാലകളിലുംപെട്ട് ഫൈബർ വള്ളം മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. തീരസംരക്ഷണ സേനയുടെ 3 കപ്പലുകൾ, ഹെലികോപ്റ്റർ, ഫിഷറീസ് ബോട്ടുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ ബേപ്പൂർ മുതൽ കൊച്ചി വരെയുള്ള മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും. 26നു ഉച്ചയ്ക്ക് ചാലിയത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ സഫായത്ത് വള്ളമാണ് 28നു വൈകിട്ട് നാലിനു ബേപ്പൂരിന് പടിഞ്ഞാറ് 20 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപെട്ടത്.

ചാലിയം തൈക്കടപ്പുറത്ത് അലി അസ്ക്കറിനെയാണ്(കുഞ്ഞാപ്പു–23)കാണാതായത്. കടലിൽ നീന്തുകയായിരുന്ന 5 തൊഴിലാളികളെ ചേറ്റുവയ്ക്കു 42 നോട്ടിക്കൽ മൈൽ അകലെ എംവി അലയൻസ് എന്ന വിദേശ ചരക്കു കപ്പലുകാർ രക്ഷിച്ചു തീരസംരക്ഷണ സേനയ്ക്ക് കൈമാറുകയായിരുന്നു. രക്ഷപ്പെടുത്തി എറണാകുളം ജില്ലാ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചാലിയം പുത്തൻപുരക്കൽ ഷമീം(37), ആനപ്പുറത്ത് ശിഹാബ്(38), ബംഗാൾ കൊൽക്കത്ത സ്വദേശികളായ ഗുരു പെത്തൊഡിക്കുവ(36), പ്രണവ് ദാസ്(42), അബ്ദുൽ സലാം(55)എന്നിവർ ചാലിയത്ത് തിരിച്ചെത്തി. പ്രതികൂല കാലാവസ്ഥയെ തുടർന്നു 28നു വൈകിട്ടോടെ മത്സ്യബന്ധനം നിർത്തി കരയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ശക്തമായ തിരമാലയടിച്ചു വള്ളം മറിഞ്ഞു 6 പേരും കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

മറിഞ്ഞ വള്ളത്തിൽ അള്ളിപ്പിടിച്ചു നിന്നെങ്കിലും 29നു പുലർച്ചെ കനത്ത കാറ്റും മഴയും മൂലം പിടിവിട്ടു വീണ്ടും വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രാണരക്ഷാർഥം നീന്തുന്നതിനിടെയാണു അലി അസ്കറിനെ കാണാതായത്. 23 മണിക്കൂറോളം നീന്തിയ ഇവർ ചേറ്റുവ ഭാഗത്ത് എത്തിയപ്പോഴാണ് അതുവഴി വന്ന ചരക്കു കപ്പലുകാർ കണ്ടത്. ഉടൻ കപ്പലിൽ കയറ്റി തീരസംരക്ഷണ സേനയെ അറിയിച്ചു. കൊച്ചിയിൽ നിന്നു തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ എത്തിയാണ് 5 പേരെയും രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്. മറിഞ്ഞ വള്ളത്തിലെ 3 എൻജിൻ, വല, വയർലെസ് ജിപിഎസ്, ബാറ്ററി തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com