എസ്എസ്എൽസി പരീക്ഷയിൽ കൈനിറയെ എ പ്ലസ്. കളത്തിലിറങ്ങിയപ്പോൾ കഴുത്തു നിറയെ സ്വർണമെഡൽ. മുഖത്തൊരു ചെറുപുഞ്ചിരിയുമായി നിൽക്കുന്നത് സ്ട്രോങ് വുമൺ ഓഫ് ഏഷ്യയാണ്. കോഴിക്കോട് ചാലപ്പുറം സ്വദേശി അഞ്ജന കൃഷ്ണ പഠനമായാലും പവർലിഫ്റ്റിങ്ങായാലും പാട്ടുംപാടി തൂക്കിയെടുക്കും.കോയമ്പത്തൂരിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 47 കിലോ സബ് ജൂനിയർ വിഭാഗത്തിലാണ് അഞ്ജന മത്സരിക്കാൻ ഇറങ്ങിയത്. ആകെ 315 കിലോ ഭാരം ഉയർത്തി അഞ്ജന 4 സ്വർണം സ്വന്തമാക്കി സ്ട്രോങ് വുമൺ ഓഫ് ഏഷ്യയായി.
ബാഡ്മിന്റൺ താരമായിരുന്ന അഞ്ജന 2 വർഷം മുൻപ് കോവിഡ് ലോക്ഡൗൺ വന്നതോടെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ചാലപ്പുറം പുതിയപാലം റോഡിൽ ഈസ്റ്റ് തളി നൊച്ചാട് കോംപൗണ്ടിലെ വീടിനോടു ചേർന്ന് അച്ഛൻ അനിൽകുമാർ നടത്തുന്ന ജിമ്മിൽ പരിശീലനം തുടങ്ങിയത് അപ്പോഴാണ്. പിന്തുണയുമായി അമ്മ വി.കെ.ഷീജയും ചേച്ചി അഞ്ജലി കൃഷ്ണയും. പിന്നീട് സ്ട്രോങ് വുമൺ ഓഫ് കോഴിക്കോട്, സ്ട്രോങ് വുമൺ ഓഫ് കേരള, സ്ട്രോങ് വുമൺ ഓഫ് ഇന്ത്യ എന്നീ നേട്ടങ്ങൾ കൊയ്തതിനു പിറകെയാണ് ഇത്തവണ സ്ട്രോങ് വുമൺ ഓഫ് ഏഷ്യ നേട്ടവും കരസ്ഥമാക്കിയത്. ഹൈദരാബാദിൽ 6ന് നടക്കുന്ന രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ തിങ്കളാഴ്ച അഞ്ജലി യാത്ര തിരിക്കും. ചാലപ്പുറം ഗവ.ഗണപത് ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥിയായ വി.കെ.അഞ്ജന കൃഷ്ണ ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്.