ADVERTISEMENT

ബാലുശ്ശേരി ∙ ഗെയിലിന്റെ നേതൃത്വത്തിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ വിതരണ കേന്ദ്രത്തിലേക്ക് പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം എത്തിച്ചു. വാതക പൈപ്പ് ലൈൻ കമ്മിഷനിങ് ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ഇതോടെ കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. പൈപ്പ് ലൈനുകളിലൂടെ വീടുകളിൽ അടക്കം പ്രകൃതി വാതകം എത്തിക്കാൻ കഴിയും. ചെലവു കുറഞ്ഞതും സുരക്ഷിതവുമാണ് ഈ പദ്ധതി. ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിലാണു പ്രധാന വിതരണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

സിഎൻജി വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇന്ത്യൻ ഓയിൽ അദാനി ടോട്ടൽ ഗ്യാസിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. മംഗളൂരു – കൊച്ചി ഗ്യാസ് പൈപ്പ് ലൈനിൽ നിന്ന് നേരിട്ടാണ് സിറ്റി ഗ്യാസ് സ്റ്റേഷനിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നത്. സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് വിതരണം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ട്രയൽ റൺ അടുത്ത ആഴ്ച ആരംഭിക്കും.ഉണ്ണികുളം മുതൽ കാരന്തൂർ വരെയുള്ള 25 കിലോമീറ്റർ പൈപ്പ് ലൈനിലൂടെയാണ് വാതകം കടത്തിവിടുക. ഈ പൈപ്പ് ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ മദർ സ്റ്റേഷനുകളിൽ പ്രകൃതി വാതകം എത്തിക്കാൻ കഴിയും. ടാങ്കർ ലോറികളിലേക്ക് പ്രകൃതി വാതകം നിറയ്ക്കാനും കഴിയും. വാഹനങ്ങളിൽ സിഎൻജി നിറയ്ക്കാനും കഴിയും. കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് സിഎൻജി വിതരണം എളുപ്പത്തിലാകും. ഇതോടെ ഈ മേഖലയിൽ സിഎൻജിക്ക് അനുഭവപ്പെടുന്ന  ക്ഷാമം പരിഹരിക്കും.

48 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ കോവൂർ – വെള്ളിമാട് കുന്ന് റോഡിലും പാവങ്ങാട് – നടക്കാവ് റോഡിലും പുരോഗമിക്കുകയാണ്. 

നല്ലളം മുതൽ മാവൂർ ജംക്‌ഷൻ വരെയുള്ള പൈപ്പ് ലൈൻ പദ്ധതി 10നും മാവൂർ റോഡ് ജംക്‌ഷൻ– മെഡിക്കൽ കോളജ് – മാങ്കാവ്– കല്ലുത്താൻ കടവ് ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പ് ലൈൻ പ്രവൃത്തി സെപ്റ്റംബർ ആദ്യത്തിലും തുടങ്ങും. പൈപ്പ് ലൈൻ ശൃംഖല പൂർത്തിയാകുമ്പോൾ ആദ്യം ഉണ്ണികുളം പഞ്ചായത്തിലെ വീടുകളിൽ പ്രകൃതി വാതകം എത്തിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, ഗെയിൽ കേരള മേധാവി എം.വിജു, ഗെയിൽ സീനിയർ മാനേജർ ഇ.കെ.രാജീവ് കുമാർ, മാനേജർമാരായ എം.രാജേഷ്, ശരത് പിള്ള, അദാനി ടോട്ടൽ ഗ്യാസ് മേഖലാ മേധാവികളായ കെ.എം.ദിനൂജ്, ദീപു ജോൺ, ജിതേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com