ലിസ ഡിക്കിൻസൺ കോഴിക്കോടൻ മലയോരമേഖലയിലെ കയാക്കിങ് അനുഭവം പങ്കുവയ്ക്കുന്നു

ഇരുവഞ്ഞിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങിൽ ട്രയൽ റൺ നടത്തുന്ന ലിസ ഡിക്കിൻസൺ (യുകെ) .
ഇരുവഞ്ഞിപ്പുഴയിൽ വൈറ്റ് വാട്ടർ കയാക്കിങ്ങിൽ ട്രയൽ റൺ നടത്തുന്ന ലിസ ഡിക്കിൻസൺ (യുകെ) .
SHARE

രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് ഇനി ഒരു മാസം മാത്രം ബാക്കി. യുകെയിൽനിന്ന് എത്തിയ രാജ്യാന്തര വനിതാ കയാക്കിങ് താരം ലിസ ഡിക്കിൻസൺ കോഴിക്കോടൻ മലയോരമേഖലയിലെ കയാക്കിങ് അനുഭവം പങ്കുവയ്ക്കുന്നു...

ഇരുവ‍ഞ്ഞിപ്പുഴയും ചാലിപ്പുഴയും കീഴടക്കാൻ കയാക്കിങ് തോണിയുമായി ആദ്യ വിദേശ വനിതതാരം ലിസ ഡിക്കിൻസൺ കോടഞ്ചേരിയിൽ എത്തി. ഇംഗ്ലണ്ടിൽനിന്നുള്ള ലിസ ഡിക്കിൻസൺ 2016 മുതൽ വൈറ്റ് വാട്ടർ കയാക്കിങ് ലീഡർ ആണ്. 4 തവണ ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണു കേരളത്തിലെ പുഴകളിൽ കയാക്കിങ് നടത്താൻ ലിസ എത്തുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് ഓഗസ്റ്റ് 12 മുതൽ 14 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുകയാണ്. ഇതിൽ പങ്കെടുക്കാനാണ് ലിസയും സംഘവും എത്തിയത്. ഇന്നലെ പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപ്പുഴയിലാണ് ലിസയും സംഘവും കയാക്കിങ് പരിശീലനത്തിന് ഇറങ്ങിയത്. 

ഇന്നു പുലിക്കയത്ത് ചാലിപ്പുഴയിൽ കയാക്കിങ് പരിശീലനം നടത്തും. ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും വൈറ്റ് വാട്ടർ കയാക്കിങ്ങിന് യോജ്യമാണെന്ന് 10 വർഷം മുൻപേ കണ്ടെത്തി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് ആരംഭിച്ച ബെംഗളൂരു സ്വദേശി മാണിക് തനേജയുടെ നേതൃത്വത്തിലുള്ള കയാക്കിങ് സംഘത്തിനൊപ്പമാണ് ലിസ കോടഞ്ചേരിയിൽ എത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ കക്കയം കരിയാത്തുംപാറ പുഴയിലും ചക്കിട്ടപാറ മീൻതുള്ളിപ്പാറ പുഴയിലും വൈറ്റ് വാട്ടർ കയാക്കിങ്ങിൽ ട്രയൽ റൺ നടത്തും.

കേരളത്തിൽ ആദ്യമായി കയാക്കിങ്ങിന് ഇറങ്ങുകയാണല്ലോ?

∙ഇവിടത്തെ പുഴകളും പരിസരങ്ങളും വളരെ മനോഹരമാണ്. ചുറ്റും വൃക്ഷങ്ങളെല്ലാമായി പച്ചവിരിച്ചു നിൽക്കുന്ന പുഴകളുടെ ഇരുകരകളും മനോഹര ദൃശ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷം അർഹിക്കുന്ന സ്ഥലം തന്നെയാണിത്.

ഇവിടത്തെ പുഴകൾക്ക് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?

∙എന്റെ നാട്ടിലെ പുഴകളിലെ വെള്ളത്തിനു കടുത്ത തണുപ്പാണ്. സദാസമയവും അങ്ങനെതന്നെ. എന്നാൽ, ഇവിടെ പുഴയിൽ വെള്ളത്തിനു തണുപ്പ് ഇല്ലെന്നു തന്നെ പറയാം. അവിടത്തെ പുഴകളുമായി താരതമ്യം ചെയ്താൽ ഇവിടെ ചൂടാണെന്നു പറയാം. 

കയാക്കിങ്ങിന് അനുകൂലമാണോ ഈ പുഴകൾ?

∙തണുപ്പില്ലാത്ത വെള്ളമായതിനാൽ ഏറെ സമയം പുഴയിൽ കയാക്കിങ് നടത്താൻ ഇവിടെ സാധിക്കും. വിദേശരാജ്യങ്ങളിലെ പുഴകളിൽ തണുപ്പ് കൂടുതലായതുകൊണ്ട് അധിക സമയം പരിശീലനം നടത്താനാകില്ല. അതുമാത്രമല്ല കാര്യം. അവിടങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ വില കൂടിയ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കണം. ഇവിടെ അത്തരം പ്രത്യേക വസ്ത്രങ്ങളുടെ ആവശ്യമില്ല.പാറക്കൂട്ടങ്ങളിൽ തട്ടി പതഞ്ഞൊഴുകുന്ന ഇവിടത്തെ പുഴകളിലെ തെളിഞ്ഞ വെള്ളവും നല്ലതാണ്. വിദേശ രാജ്യങ്ങളിലെ പുഴകളിലെ വെള്ളത്തെക്കാൾ കാഠിന്യം കുറഞ്ഞതുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS