വടകര ∙ കല്ലേരിയിൽ യുവാവിനെ മർദിച്ചു കാർ കത്തിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പ്രതികളെ സ്ഥലത്തു കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. പെരിങ്ങത്തൂർ പുളിയമ്പ്രം വട്ടക്കണ്ടി പറമ്പത്ത് സവാദ്, വെള്ളൂർ കോടഞ്ചേരി ചീക്കിലോട്ട് താഴക്കുനിയിൽ വിശ്വജിത്ത്, ചൊക്ലി ബൈത്തുന്നൂർ ഷംനാസ് എന്നിവരെയാണ് എസ്ഐ എം.നിജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
കാറിന്റെ ചില്ലുകൾ മുഴുവൻ അടിച്ചു തകർത്ത ശേഷം ഡീസൽ ടാങ്ക് തുറന്ന് തീയിടുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞു. കാറിന്റെ ഉടമ ബിജു നൽകിയ പരാതിയിൽ പറയുന്ന പോലെ വ്യക്തി വൈരാഗ്യം കൊണ്ടാണ് അക്രമം നടത്തിയെന്ന വാദത്തിൽ പ്രതികളും ഉറച്ചു നിൽക്കുകയാണ്. റിമാൻഡിലായ പ്രതികളെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കാർ കത്തിച്ച സംഭവത്തിലെ ദുരൂഹത മാറാത്ത സാഹചര്യത്തിലാണ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയരാക്കുന്നത്.