ADVERTISEMENT

കൊടുവളളി∙ വാഹനാപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച 3.43 ലക്ഷം രൂപ കനിവ് 108 ആംബുലൻസ് ജീവനക്കാർ പൊലീസിനു കൈമാറി. നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ ജോസ്, പൈലറ്റ് എൻ.ആർ.കാർത്തിക് എന്നിവരാണ് അപകടസ്ഥലത്ത് നിന്ന് റോഡിൽ ചിതറിക്കിടന്ന നിലയിൽ നാട്ടുകാർ ശേഖരിച്ചു നൽകിയ പണം കൊടുവള്ളി പൊലീസിന് കൈമാറിയത്.

മറ്റൊരു രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആക്കി മടങ്ങുകയായിരുന്ന കനിവ് 108 ആംബുലൻസിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.25 ന് ആണ് കൊടുവള്ളി ടൗണിനു സമീപത്തെ അപകടത്തെക്കുറിച്ചു കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിക്കുന്നത്. തുടർന്ന് നിഖിൽ ജോസും കാർത്തികും സംഭവ സ്ഥലത്തെത്തി. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രികനും ബൈക്ക് യാത്രികനും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ ജോസ് പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അപ്പോഴാണ് ഒരു വാഹനത്തിൽ നിന്നു റോഡിലേക്ക് ചിതറിയ നിലയിൽ കണ്ട നോട്ടുകൾ നാട്ടുകാർ ശേഖരിച്ച് ആംബുലൻസ് സംഘത്തിനു നൽകിയത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ജീവനക്കാർ പണം ആദ്യം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. അവിടെ നിന്നുള്ള നിർദേശപ്രകാരം അപകടസ്ഥലത്തിനു സമീപത്തെ കൊടുവള്ളി പൊലീസ് സ്റ്റേഷനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com