വടകര ∙ ദേശീയപാത പാലോളിപ്പാലം മുതൽ മൂരാട് പാലം വരെ ആറുവരി പാതയുടെ പ്രവൃത്തി മന്ദഗതിയിലെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത റോഡിൽ ഗതാഗതത്തിന് തുറന്നു കൊടുത്ത ഭാഗം പലയിടത്തായി പൊട്ടിയതോടെ പ്രവൃത്തിയുടെ ഗുണമേന്മ സംബന്ധിച്ച് പരാതിയും ഉയർന്നു. പാലോളിപ്പാലം, അരവിന്ദ്ഘോഷ് റോഡ്, പലയാട്ട് നട ഭാഗങ്ങളിലാണ് റോഡിലെ കോൺക്രീറ്റ് പൊളിഞ്ഞത്. പാലോളിപ്പാലത്ത് പൊട്ടിയ ഭാഗം നന്നാക്കിയ ശേഷം വാഹനങ്ങൾ കയറാതിരിക്കാൻ ബാരിക്കേഡ് വച്ചിരിക്കുകയാണ്.
കൂടാതെ മഴയിൽ ഒലിച്ചു പോകാതിരിക്കാൻ കാർപറ്റ് ഉപയോഗിച്ച് മൂടി. മൂരാട് പാലത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും റോഡ് പ്രവൃത്തി വളരെ മന്ദഗതിയിലാണ്. അതിഥിത്തൊഴിലാളികളിൽ വലിയ വിഭാഗം നാട്ടിലേക്ക് മടങ്ങി. മഴയും പ്രശ്നമായി. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് പൊട്ടൽ കണ്ടതോടെയാണ് പ്രവൃത്തി സംബന്ധിച്ചു പരാതി ഉയർന്നിരിക്കുന്നത്. കോൺക്രീറ്റ് ചെയ്ത ഭാഗം ആവശ്യത്തിനു നനച്ചിരുന്നില്ലെന്നും പരാതി ഉണ്ട്.
നിലവിലുള്ള റോഡ് രണ്ടിടത്തായി വളരെ അധികം താഴ്ത്തിയിട്ടുണ്ട്. മുകൾ ഭാഗത്തു കൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഒരു ഭാഗത്ത് പ്രവൃത്തി പൂർത്തിയാക്കിയിരുന്നെങ്കിൽ വാഹനങ്ങൾ അതുവഴി വിടാമായിരുന്നു. ഇപ്പോൾ പല സ്ഥലങ്ങളിലായാണ് പ്രവൃത്തി നടക്കുന്നത്. മൂരാട് ഭാഗത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. നിർമാണം മന്ദഗതിയിലായതോടെ ജനങ്ങളുടെ ദുരിതത്തിനും അടുത്തൊന്നും അറുതി വരില്ലെന്ന് ഉറപ്പായി.