ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷനിൽ  ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ അനധികൃതമായി നമ്പർ നേടിയ കൂടുതൽ ആളുകളുടെ പേരു വിവരങ്ങൾ പുറത്തു വന്നു. 15 പേരാണ് അനധികൃതമായി നമ്പർ നേടിയിരിക്കുന്നത്. എന്നാൽ ഇതുവരെയായി ഇവരിൽ ഒരാളെ മാത്രമാണ് പൊലീസ് ഇതുവരെ പിടികൂടിയത്. മറ്റുള്ളവരെ  ചോദ്യം ചെയ്യാനോ കൂടുതൽ അന്വേഷണം നടത്താനോ പൊലീസ് തയാറായിട്ടില്ല.

സതീശൻ, ശ്രീലജ എന്നിങ്ങനെ രണ്ട് അപേക്ഷകരുടെ പേരു വിവങ്ങൾ തിരുത്തിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.കെ.അബൂബക്കർ സിദ്ദിക്ക് 2 കെട്ടിടങ്ങൾക്ക് നമ്പർ സംഘടിപ്പിച്ചത്. സമാന സാഹചര്യത്തിൽ മദ്രസത്തുൽ മുഹമ്മദീയ ട്രസ്റ്റ് സെക്രട്ടറി, നജ്മുദ്ദീൻ നസീമ, ജസീറ മുഹ്സിൻ, അനിൽ കുമാർ, ബാലകൃഷ്ണൻ എന്നിവരുടെ പേരിലുള്ള അപേക്ഷ തിരുത്തി പുതിയ ഓജിന്റകത്ത് ഹാഷിം എന്നയാൾ 6 നമ്പറുകൾ വാങ്ങിയിട്ടുണ്ട്. ഇതേ ജസീറ മുഹ്സിൻ എന്ന യഥാർഥ അപേക്ഷകയുടെ വിവരങ്ങൾ തിരുത്തി മൊയ്തു കുനിയുള്ള പറമ്പത്ത് എന്നയാളും നമ്പർ വാങ്ങി.

ഉണ്ണികൃഷ്ണൻ, ബാലചന്ദ്രൻ എന്നിവരുടെ പേരിലുള്ള വിവരങ്ങളും തിരുത്തി മൊയ്തു കുനിയുള്ള പറമ്പത്തിന് നമ്പർ നൽകിയിട്ടുണ്ട്. വി.അബ്ദുൽ അസീസിന്റെ പേരിലുള്ള കെട്ടിട നമ്പർ തിരുത്തി പി.കെ.സൗജീബിനും, വളപ്പിൽ കെ.രാജൻ സുരേഷിന്റെ നമ്പർ തിരുത്തി മുകേഷ് ജെ.മേത്ത, വർഷ വി.മേത്ത എന്നിവർക്കും നാസിർ എന്നയാളിന്റെ പേരു വിവരങ്ങൾ തിരുത്തി പി.അബൂബക്കർ അബ്ദുൽ റഹ്മാനും അനധികൃതമായി നമ്പർ നൽകിയിട്ടുണ്ട്.

യഥാർഥ അപേക്ഷകർ പോലും അറിയാതെയാണ് ഇവരുടെ വിവരങ്ങൾ തിരുത്തിയിരിക്കുന്നത്. എ–22 സെക്‌ഷൻ ക്ലാർക്ക് ജൂൺ 1നു ബാലകൃഷ്ണൻ എന്നയാളുടെ പേരിലുള്ള കെട്ടിട വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി വെരിഫിക്കേഷന് അയച്ച ഫയുകളിൽ കൃത്രിമം നടത്തി ഓജിന്റകത്ത് ഹാഷിമിന് 61ാം വാർഡിൽ കെട്ടിട നമ്പർ അനുവദിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് മറ്റു 4 ക്ലാർക്കുമാർ അയച്ച മറ്റ് ഫയലുകളിൽ മാറ്റം വരുത്തി ഇതേ വ്യക്തിക്കു തന്നെ 6 നമ്പറുകൾ അനുവദിച്ചതായി കണ്ടെത്തിയത്.

ഈ കേസുകളിലൊന്നും ഇതുവരെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ വിദഗ്ധ സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടു നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പൊലീസ് കമ്മിഷണർക്കു കത്തു നൽകുകയും ചെയ്തു. ഇതോടെ അന്വേഷണത്തിൽ വീണ്ടും കാലതമാസമുണ്ടാകുമെന്ന് വ്യക്തമായി. 

തട്ടിപ്പ് ഓഡിറ്റ് വിഭാഗത്തെ അറിയിക്കാതെ പൂഴ്ത്തി

പാസ് വേഡ് ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ കോർപറേഷന് വലിയ ധനനഷ്ടമുണ്ടായിട്ടും ഓഡിറ്റ് വിഭാഗത്തെ അറിയിക്കാതെ കോർപറേഷൻ. ധനനഷ്ടം പോലുള്ള അപാകതകൾ യഥാസമയം സംസ്ഥാന ഓഡിറ്റ് വകുപ്പിന് ലഭ്യമാക്കണമെന്നാണു ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം. എന്നാൽ ഇതു സംബന്ധിച്ച് കോർപറേഷൻ ഓഡിറ്റ് വിഭാഗത്തിനെ ഒരു വിവരവും അറിയിച്ചില്ല. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് സീനിയർ ഡപ്യൂട്ടി ഡയറക്ടർ ജൂൺ 20 ന് അടിയന്തരമായി സെക്രട്ടറിയോടു വിശദീകരം തേടി. ഇതേ തുടർന്നാണ് അന്നു തന്നെ സെക്രട്ടറി വിവരങ്ങൾ ഓഡിറ്റ് വകുപ്പിനു കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com