ADVERTISEMENT

കോഴിക്കോട്∙ ആവിക്കൽ മാലിന്യ പ്ലാന്റിനെതിരെ പ്രവർത്തിക്കുന്നതു തീവ്രസംഘടനകളാണെന്ന കോർപറേഷൻ ഡപ്യൂട്ടി മേയറുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം. പ്രദേശത്തെ മുഴുവൻ നാട്ടുകാരും ഉൾപ്പെടുന്ന ജനകീയ സമിതിയെ തീവ്രനിലപാട് ഉള്ളവർ എന്നു വിളിച്ചതിനെതിരെയാണു പ്രതിഷേധം. ജനകീയ സമരങ്ങളെ തീവ്രവാദികളെന്ന് അടച്ചാക്ഷേപിക്കുന്ന അതേ രീതിയാണു ഡപ്യൂട്ടി മേയറും തുടരുന്നതെന്നു സമര സമിതി പ്രവർത്തകർ പറയുന്നു.

ചില തീവ്ര സംഘടനകൾ ആവിക്കൽ തോട് പ്രശ്നത്തിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പ്രതികരണം. വെള്ളയിൽ ആവിക്കൽ തോട് ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്നത് പ്രദേശവാസികളുടെ കൂട്ടായ്മയായ ജനകീയ സമര സമിതിയാണ്. പ്രദേശത്തെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളും പള്ളിക്കമ്മിറ്റികളും ക്ഷേത്രകമ്മിറ്റികളും സമര സമിതിയിലുണ്ട്.

രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലല്ല സമരം. സി.ആർ.നീലകണ്ഠനെ പോലുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തകർ ഈ സമരത്തിനു പിന്തുണയുമായി എത്തിയിരുന്നു. ജനം തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ശുചിമുറി മാലിന്യ സംസ്ക്കരണ പ്ലാന്റ് വന്നാൽ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് പ്രദേശവാസികൾ സമര സമിതിയുണ്ടാക്കി 6 മാസം മുൻപ് സമരരംഗത്തിറങ്ങിയത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ കോർപറേഷൻ നേതൃത്വത്തിനു കഴിഞ്ഞില്ല.

പലതവണ ജനകീയ സമര സമിതിയുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പൊലീസ് കാവലിൽ 2 ആഴ്ച മുൻപ് പ്രദേശത്ത് നിലം ഒരുക്കലും മണ്ണ് പരിശോധനയും തുടങ്ങിയത്. ഇതോടെ ജനകീയ സമര സമിതി സമരം ശക്തമാക്കുകയും ചെയ്തു.

പള്ളിക്കണ്ടിയിലെ പ്ലാന്റിനെതിരെയും സമാന രീതിയിൽ ജനകീയ കൂട്ടായ്മയാണ് ഉള്ളത്. പ്ലാന്റിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നവരിൽ സിപിഎം പ്രവർത്തകർ പോലുമുണ്ട്. പാർട്ടിയിൽ പ്രാദേശിക കമ്മിറ്റിയിലും പ്ലാന്റിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതെല്ലാം മറച്ചു വച്ചാണ് പ്രതിഷേധിക്കുന്നവരെ തീവ്രവാദികൾ എന്നു വിളിക്കുന്നതെന്നാണ് ആക്ഷേപം.

അത്യന്തം ദുഃഖകരമെന്ന് ലീഗ്

കോഴിക്കോട് ∙ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ പ്രതിരോധം തീർക്കുന്ന സമരക്കാർക്കു പിന്നിൽ തീവ്രവാദികളാണെന്ന ഡപ്യൂട്ടി മേയറുടെ പ്രസ്താവന അത്യന്തം ദുഃഖകരമെന്നു മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.മുഹമ്മദലിയും ജനറൽ സെക്രട്ടറി യു.സജീറും പറഞ്ഞു. ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്കൊപ്പം നിന്ന് ശക്തമായി നേരിടുമെന്ന് ഇരുവരും പറഞ്ഞു.

പ്രക്ഷോഭത്തിന് യുഡിഎഫ് പിന്തുണ

കോഴിക്കോട് ∙ ആവിക്കൽ തോടിനു സമീപം ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ജനകീയ സമര സമിതിക്കു പിന്തുണ നൽകാൻ യുഡിഎഫ് നിയോജക മണ്ഡലം തല നേതൃയോഗം തീരുമാനിച്ചു. സൗത്ത്, നോർത്ത്, എലത്തൂർ, ബേപ്പൂർ മണ്ഡലങ്ങളിലെ യുഡിഎഫ് നേതാക്കളുടെ യോഗത്തിൽ എം.കെ.മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ എംപി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ.റസാഖ്, ട്രഷറർ പാറക്കൽ അബ്ദുല്ല, കെഎസ്‌യു സംസ്ഥാന പ്രസി‍ഡന്റ് കെ.എം.അഭിജിത്ത്, ഡിസിസി സെക്രട്ടറി എസ്.കെ.അബൂബക്കർ, കോർപറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി.ശോഭിത, ഉപ നേതാവ് കെ.മൊയ്തീൻ കോയ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com