ADVERTISEMENT

കോഴിക്കോട് ∙ വെള്ളയിൽ ആവിക്കൽ തോട് പ്രദേശത്ത് കോർപറേഷൻ സ്ഥാപിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ജനകീയ സമരത്തിനു പിന്തുണയുമായി സിപിഎം അനുഭാവികളും. സമരക്കാരെ കോർപറേഷൻ ഡപ്യൂട്ടി മേയറും മന്ത്രി എം.വി.ഗോവിന്ദനും തീവ്രവാദികൾ എന്നു വിളിച്ച് ആക്ഷേപിച്ചതോടെ ഇതുവരെ മൗനം പാലിച്ചവർ പോലും സമരത്തിനിറങ്ങുന്ന കാഴ്ചയാണ്. ഇന്നലെ വൈകിട്ട് പ്രദേശത്തെ സിപിഎം അനുഭാവികളായ അൻപതോളം പേർ ജനകീയ സമര സമിതിക്കു ഐക്യദാർഢ്യവുമായി സമര പന്തലിലെത്തി.

കോർപറേഷനെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനമായാണ് ഇവർ എത്തിയത്. സിപിഎമ്മും കോർപറേഷൻ ഭരണാധികാരികളും തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു തിരിച്ചറിഞ്ഞതോടെയാണ് പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനകീയ സമര സമിതിക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്നു സിപിഎം അനുഭാവികൾ പറഞ്ഞു. പ്രദേശവാസികളെയാണ് തീവ്രവാദികളായി ചിത്രീകരിക്കുന്നതെന്നും ഈ പ്ലാന്റിനെതിരെ ഒറ്റക്കെട്ടായാണ് സമരമെന്നും ഇതു ജനകീയ സമരമാണെന്നും അവർ പറഞ്ഞു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സമരത്തെ തള്ളിപ്പറഞ്ഞതിലുള്ള രോഷവും അവർ പ്രകടിപ്പിച്ചു. പിന്തുണയുമായി എത്തിയ എൻ.പി.മുഹമ്മദ് അനീസ്, എൻ.പി.ലത്തീഫ്, യൂനുസ്, ഷംസു എന്നിവർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണെന്നും ഹബീബ്, ഫർഹാൻ, അഷ്റിഖ്, ഇസ്മായിൽ എന്നിവർ ഡിവൈഎഫ്ഐ അംഗങ്ങളാണെന്നും അവകാശപ്പെട്ടു.

പ്രാദേശിക വിഷയത്തിൽ പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിൽക്കാൻ തയാറായ സിപിഎം അംഗങ്ങളെയും അനുഭാവികളെയും ജനകീയ സമര സമിതി സ്വാഗതം ചെയ്തു. ഇതിനു പുറമെ തീരഭൂസംരക്ഷണ വേദി സംസ്ഥാന ചെയർപഴ്സൻ മെഗ്ലിൻ ഫിലോമിനിയും ഇന്നലെ പദ്ധതി പ്രദേശത്തെത്തി. നിർമാണം നടക്കുന്ന സ്ഥലം അവർ സന്ദർശിച്ചു.  ജനം തിങ്ങിപ്പാർക്കുന്ന ഇവിടെ പ്ലാന്റ് സ്ഥാപിച്ചാൽ അപകടകരമാകുമെന്ന് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com