ADVERTISEMENT

രാമനാട്ടുകര ∙ നഗരസഭയിൽ കെട്ടിടനമ്പർ ക്രമക്കേടിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ നഗരസഭ റവന്യു ഇൻസ്പെക്ടർ എൻ.അജിത് കുമാർ, ക്ലാർക്ക് സി.എച്ച്.സാജു എന്നിവരെയാണ് നഗരസഭാധ്യക്ഷ സസ്പെൻഡ് ചെയ്തത്. നഗരസഭ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ഇരുവരും ജോലിയിൽ ഗുരുതരമായ ക്രമക്കേടും കൃത്യവിലോപവും നടത്തിയതായി കണ്ടെത്തുകയും ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർന്നാണു ഇരുവർക്കുമെതിരെ നഗരസഭാധ്യക്ഷ ബുഷറ റഫീഖ് അച്ചടക്ക നടപടിയെടുത്തത്.

താൽക്കാലിക നമ്പർ അനുവദിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് മറികടന്നു 10ാം വാർഡിൽ ചതുപ്പ് നിലത്തിൽ നിർമിച്ച കെട്ടിടത്തിനു റവന്യു ഇൻസ്പെക്ടർ സാധാരണ നമ്പർ നൽകിയതായും മറ്റു പല അനധികൃത കെട്ടിടങ്ങൾക്കും നമ്പർ നൽകി ക്രമവൽക്കരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. നഗരസഭ ജീവനക്കാരുടെ യൂസർ നെയിമും പാസ്‌വേഡും ദുരുപയോഗം ചെയ്തു ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടത്തിന് നമ്പർ നൽകിയത് ക്ലാർക്കാണെന്നും അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.

പരിശോധനയിൽ നഗരസഭയിലെ അസസ്മെന്റ് റജിസ്റ്ററിൽ അനധികൃത കെട്ടിടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നഗരസഭ സെക്രട്ടറി ഫറോക്ക് അസി.കമ്മിഷണർക്കു നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നഗരസഭയിലെ ഡേറ്റാ ബാങ്ക് സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കോർപറേഷൻ പാസ്‍വേഡ് ചോർച്ച: ജീവനക്കാർ ധർണ നിർത്തി

കോഴിക്കോട് ∙ സസ്പെൻഷൻ പിൻവലിക്കൽ തീരുമാനമാകുന്നതിനു മുൻപേ കോർപറേഷൻ ജീവനക്കാർ ധർണ പിൻവലിച്ചു. പാസ്‍വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാർ നടത്തി വന്ന അനിശ്ചിതകാല ധർണ പിൻവലിച്ചു. മേയർ ബീന ഫിലിപ്പുമായുള്ള ചർച്ചയിൽ 3 ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട് വാങ്ങി സസ്പെൻഷൻ പിൻവലിക്കാമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. 

ജീവനക്കാരുടെ പാസ്‍വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവം പുറത്തു വന്നതോടെയാണ് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഭരണ–പ്രതിപക്ഷ യൂണിയനുകളിൽ ഉൾപ്പെട്ട ജീവനക്കാർ സസ്പെൻഷനിലായവരിൽ ഉണ്ടായിരുന്നു. പാസ്‍വേഡ് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന പേരിലായിരുന്നു നടപടി. എന്നാൽ വിശദീകരണം പോലും ചോദിക്കാതെ നടത്തിയ നടപടിക്കെതിരെ ഇടത്–യുഡിഎഫ് അനുകൂല സംഘടനകൾ സംയുക്ത സമരത്തിനിറങ്ങി.

സസ്പെൻഷൻ പിൻവലിക്കുംവരെ അനിശ്ചിതകാല ധർണ നടത്താനായിരുന്നു തീരുമാനം. ജീവനക്കാർ അവധിയെടുത്തു സമരം നടത്തുന്നത് കോർപറേഷൻ ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നതായി മേയർ അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്നു സംയുക്ത സമര സമിതി നേതാക്കൾ വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കു നടത്തുന്ന പ്രതിഷേധ പ്രകടനമുൾപ്പടെയുള്ള സമരപരിപാടികൾ തുടരും. മാറ്റി വച്ച ധർണയുടെയും പണിമുടക്കിന്റെയു തീയതി പിന്നീട് അറിയിക്കുമെന്നു സംയുക്ത സമര സമതി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com