ADVERTISEMENT

കോഴിക്കോട്∙ കോർപറേഷൻ ചെറുവണ്ണൂർ മേഖലാ ഓഫിസിലെ സെർവർ റൂമിലുണ്ടായ തീപിടിത്തത്തിനു കാരണം വൈദ്യുതി ഷോർട് സർക്യൂട്ടാണെന്നു കോർപറേഷൻ അധികൃതർ പറയുമ്പോഴും അതു സ്ഥിരീകരിക്കാതെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനാ റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണെന്നു സംശയിക്കാമെങ്കിലും പൂർണമായി സ്ഥിരീകരിക്കാനാകില്ല. കൃത്യമായി സ്ഥിരീകരിക്കാൻ, തീപിടിത്തം ഉണ്ടായ ഭാഗത്തെ വസ്തുക്കളിൽ ഫൊറൻസിക് പരിശോധന കൂടി വേണ്ടി വരുമെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

കോർപറേഷൻ ജീവനക്കാരുടെ പാസ്‍വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണു കോർപറേഷൻ ചെറുവണ്ണൂർ മേഖലാ ഓഫിസിലെ സെർവർ റൂമിൽ തീപിടിത്തമുണ്ടായത്. ഇതിൽ അട്ടിമറിയുണ്ടെന്നു പ്രതിപക്ഷ കൗൺസിലർമാരും രാഷ്ട്രീയ പാർട്ടികളും ആരോപിച്ചിരുന്നു. തീപിടിത്തം ഉണ്ടായതിന്റെ ഉത്തരവാദിത്തം, നെറ്റ്‍വർക്ക് സംവിധാനമൊരുക്കിയ കെ –സ്വാൻ ( കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക് )  അധികൃതരുടേതാണെന്നു റിപ്പോർട്ടിൽ പറയുന്നു.  പിൻ പ്ലഗിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. 

 ശാസ്ത്രീയ പരിശോധന നടത്തുന്നതിനു മുൻപു തന്നെ കെ –സ്വാൻ അധികൃതർ റൂട്ടർ, സ്വിച്ച് എന്നിവ എടുത്തു കൊണ്ടു പോയി. സെർവർ റൂമിലെ ഉപകരണങ്ങളിൽ മറ്റെന്തെങ്കിലും തകരാർ ഉണ്ടായോ എന്ന് അതിനാൽ അന്വേഷണ സമയത്ത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഓഫിസുകളിൽ നെറ്റ്‍വർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനു വേണ്ടി രൂപീകരിച്ച പ്രത്യേക സംവിധാനമാണ് കെ –സ്വാൻ. തീപിടിത്തമുണ്ടാകുന്നതിനു തൊട്ടു മുൻപ് കെ–സ്വാൻ എൻജിനീയർ ചെറുവണ്ണൂർ ഓഫിസിലെ ക്ലാർക്കിനെ വിളിച്ചു സെർവർ റൂം തുറന്നു പരിശോധിക്കാൻ നിർദേശിച്ചിരുന്നു.

തുടർന്നു നെറ്റ്‍വർക്ക് എൻജിനീയർ ആവശ്യപ്പെട്ടതനുസരിച്ച് ക്ലാർക്ക് സ്വിച്ച് ഓൺ ആക്കിയപ്പോഴാണ് തീപിടിത്തമുണ്ടായത്. തീപ്പൊരി ചിതറിയതിനെ തുടർന്ന് സ്വിച്ച് ഓഫ് ചെയ്തെങ്കിലും പവർ സപ്ലൈയും അതിൽ ഘടിപ്പിച്ച പവർ കോഡുകളും അപ്പോഴേക്കും കത്തി നശിച്ചു.  അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും റൂട്ടർ, സ്വിച്ച്, മീഡിയ കൺവർട്ടർ എന്നിവയുടെ പവർകോഡും പവർ സപ്ലൈ യൂണിറ്റും കത്തി നശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സെർവർ റൂമിന്റെ പരിപാലനച്ചുമതലയുള്ള കെ– സ്വാൻ അധികൃതർക്കാണു തീപിടിത്തത്തിന്റെ ഉത്തരവാദിത്തം. സെർവറിലെ ഡേറ്റ നഷ്ടപ്പെട്ടിട്ടില്ലെന്നു കെ –സ്വാൻ നെറ്റ്‍വർക്ക് എൻജിനീയർ മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.

ജൂലൈ 19നു രാവിലെ 10 നാണു സെർവർ റൂമിൽ തീപിടിത്തമുണ്ടായത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനോട് നല്ലളം പൊലീസ് അന്വേഷണം ആവശ്യപ്പെടുന്നത്.  അപ്പോഴേക്കും തീ പിടിച്ച പ്രധാന വസ്തുക്കളെല്ലാം കെ –സ്വാൻ അധികൃതർ എടുത്തു മാറ്റിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് നല്ലളം പൊലീസിനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com