നാദാപുരം∙ ഖത്തറിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കാണാതായ വളയം സ്വദേശി റിജേഷ് (35) കോടതിയിൽ ഹാജരായി. വീട്ടിലെത്തിയില്ലെന്ന പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അഭിഭാഷകനൊപ്പം കോടതിയിലെത്തി ബെംഗളൂരുവിലായിരുന്നുവെന്നും സ്വന്തം ഇഷ്ട പ്രകാരം പോയതാണെന്നും അറിയിച്ചത്. കാണാതായതിനു കേസെടുത്ത സ്ഥിതിക്ക് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്ന് വളയം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
വൈദ്യ പരിശോധന നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കിയ റിജേഷിനെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടു. തുടർന്നു മാതാപിതാക്കളായ കേളപ്പനും ജാനുവിനുമൊപ്പം മടങ്ങുകയും ചെയ്തു.ജൂൺ 15നു കണ്ണൂരിൽ വിമാനമിറങ്ങിയ റിജേഷ് വീട്ടിലെത്തിയില്ലെന്നാണ് 5ന് സഹോദരൻ രാഗേഷ് വളയം പൊലീസിൽ പരാതി നൽകിയത്. എന്നാൽ 2 തവണ റിജേഷ് വീട്ടിലെത്തിയതായി പൊലീസും പറയുന്നു. മൊബൈൽ ലൊക്കേഷൻ വഴി ബെംഗളൂരുവിലാണെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് കോടതിയിൽ ഹാജരായത്.