ADVERTISEMENT

കോഴിക്കോട്∙ ‘‘തൊണ്ടയിലൂടെ കമ്പി കുത്തിയിറക്കി, നാഭിയിൽ തൊഴിച്ചു. കൈയിൽ ആണി കയറ്റി’–എന്റെ ഭർത്താവിനെ അവർ കൊന്നതുതന്നെയാണ്’’ കൊടുവള്ളി രാരോത്ത് ചാലിൽ ഇസ്മായിലിന്റെ ഭാര്യ റംല വിതുമ്പി. ആറു വർഷം മുൻപാണ് കുഴൽപ്പണ–സ്വർണക്കള്ളക്കടത്തുസംഘം ഇസ്മായിലിനെ തട്ടിക്കൊണ്ടുപോയത്. ക്രൂരപീഡനത്തിനു ശേഷം രാത്രി വീടിനു മുന്നിൽ ഇറക്കിവിട്ടു. അന്നു   പുലർച്ചെ ഇസ്മായിൽ  തീകൊളുത്തി മരിച്ചെന്നാണ് കേസ്. എന്നാൽ ആ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ഇപ്പോഴും ആരോപിക്കുന്നു. അന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും മരണമൊഴിയായി നൽകിയിട്ടും പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. 

സ്വർണക്കടത്തു–കുഴൽപ്പണ സംഘങ്ങളുടെ ക്രൂരതയ്ക്കിരയായ ഒട്ടേറെ കുടുംബങ്ങളുണ്ട് ജില്ലയിൽ.  സ്വർണക്കടത്തുമായി ബന്ധപ്പെട്ടു ഒന്നര വർഷത്തിനിടെ 4 പേരെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. 15 വർഷത്തിനിടെ കൊല്ലപ്പെട്ടത് 4 പേർ. സ്വർണവുമായി നാട്ടിൽ വിമാനമിറങ്ങിയിട്ടും ഒളിവിൽ കഴിയുന്നവർ അതിലേറെയുണ്ട്. കഴിഞ്ഞ ദിവസം പന്തിരിക്കര സ്വദേശി ഇർഷാദ് കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെയാണ് ചില കുടുംബങ്ങളെങ്കിലും പരാതിയുമായി രംഗത്തെത്തിയത്. 

അത് ആത്മഹത്യയോ കൊലപാതകമോ?

2016 ഒക്ടോബറിലാണ് കൊടുവള്ളി രാരോത്ത്ചാലി‍ൽ ഇസ്മായിലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. ഗുണ്ടൽപേട്ടയിലെ ലോഡ്ജ്മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചു. ക്രൂരപീഡനത്തിനു ശേഷം പിറ്റേന്നു പുലർച്ചെ വീടിനു മുന്നിൽ ഇറക്കിവിട്ടു.  ശരീരം മുഴുവൻ ചോരയൊലിച്ച് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഇസ്മായിൽ എത്തിയത് എന്ന് റംല ഓർക്കുന്നു. ‘ ആരെയെങ്കിലും വിളിച്ചുപറയണ്ടേ എന്നു ഞാൻ ചോദിച്ചു.

വേണ്ട ഈ വീടിനു ചുറ്റും ആളുണ്ട്. അവർ വീടു കത്തിക്കും എന്ന് ഇക്കാക്ക പറഞ്ഞു. നേരം വെളുത്തിട്ട് ആശുപത്രിയിൽ പോകാമെന്ന് കരുതി കിടന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും. എന്തോ ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ തീ പിടിച്ച ഒരു ശരീരം മുറ്റത്തൂടെ ഓടുന്നു. നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് മരണമൊഴി എടുക്കുമ്പോൾ ഞാൻ അടുത്തുണ്ട്. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയതാണ് പിന്നൊന്നും ഓർമയില്ലെന്നായിരുന്നു മൊഴി. പക്ഷേ കേസ് വന്നപ്പോൾ തീ കൊളുത്തി മരിച്ചെന്നായി’’ 

കുഴൽപ്പണ സംഘത്തെ ഒറ്റിക്കൊടുത്തെന്ന സംശയത്തിലാണ് ഇസ്മായിലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കൈവശമുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപയും ക്വട്ടേഷൻ സംഘം കൊണ്ടുപോയി.  സ്വർണക്കള്ളക്കടത്ത് സംഘത്തിനായി ഇത്തരം ക്വട്ടേഷൻ എടുക്കുന്ന കൊടുവള്ളി സ്വദേശി ആപ്പു എന്ന മുഹമ്മദാണ് ഇതിനു പിന്നില്ലെന്നായിരുന്നു ഇസ്മായിലിന്റ മൊഴി. പക്ഷേ കേസിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

കൊടുവള്ളി സ്വദേശികളായ സഫ്‌വാൻ,ഹക്കീം എന്നിവരെ സ്വർണക്കടത്തു–കുഴൽപ്പണ സംഘങ്ങൾ കൊലപ്പെടുത്തിയ കേസിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. കുഴൽപ്പണം തട്ടിപ്പറിക്കുന്ന  സംഘമാണ് എടപ്പാളിൽ വച്ചു സഫ്‌വാനെ കൊലപ്പെടുത്തിയത്. ഈ കേസിൽ സാക്ഷി പറഞ്ഞതിന്റെ പ്രതികാരമായിരുന്നു ഹക്കീമിന്റെ കൊലപാതകം. രണ്ടു കൊലപാതകങ്ങൾക്കു പിന്നിൽ തൃശൂർ കേന്ദ്രമായുള്ള സംഘമായിരുന്നു. 

ക്രൂരപീഡനം; ചോദ്യംചെയ്യൽ, വഴിയിൽ തള്ളി മടങ്ങും 

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജില്ലയിൽ നിന്നു 5 പേരെയാണ്   ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. കൊണ്ടുപോയവരെല്ലാം വിദേശത്ത് നിന്നു അടുത്തിടെ മാത്രം മടങ്ങിയെത്തിയവർ.  4 പേരെയും  മർദനമേറ്റ പാടുകളുമായി അടുത്ത ദിവസങ്ങളിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.  പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് വീട്ടുകാർക്കു കിട്ടിയത്. 2021 ഫെബ്രുവരി 13നാണ് നാദാപുരം തൂണേരിയിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 3 ദിവസങ്ങൾക്കു ശേഷം വഴിയിൽ ഉപേക്ഷിച്ചത്. 6 ദിവസത്തിനു ശേഷം പേരാമ്പ്ര പന്തിരിക്കര സ്വദേശിയായ യുവാവിനെ നാദാപുരം എളയത്ത് വച്ച് തട്ടിക്കൊണ്ടുപോയി.

കൊയിലാണ്ടി ഊരള്ളൂർ സ്വദേശി അഷ്റഫിനെ  തട്ടിക്കൊണ്ടുപോയത് ജൂലൈ 13ന്. ഒരു മാസത്തിനു ശേഷം ഓഗസ്റ്റ് 16ന് കൊയിലാണ്ടി മുത്താമ്പി സ്വദേശി ഫനീഫയെയും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു. ഇതിൽ തൂണേരിയിലെ വ്യവസായി ഒഴികെയുള്ള 4 പേരും സ്വർണക്കടത്തു സംഘങ്ങളുടെ കാരിയർമാർ ആയിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. 

പൊട്ടിക്കൽ, തട്ടിക്കൽ, തട്ടിക്കൊണ്ടുപോകൽ 

ചെയ്യുന്നതു കള്ളക്കടത്താണെങ്കിലും ചതിയും വഞ്ചനയുമില്ലാത്ത മേഖലയായിരുന്നു സ്വർണക്കടത്ത്’ എന്നു സ്വർണക്കടത്തിൽ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയുടെ സാക്ഷ്യം. ദുബായിൽ നിന്നു കാരിയർ വഴി നാട്ടിലെത്തുന്ന സ്വർണം പണം മുടക്കിയവന്റെ കയ്യിലെത്തുന്നവരെ നീളുന്ന വിശ്വാസത്തിന്റെ കണ്ണികൾ. അവ  ക്ഷയിച്ചു തുടങ്ങിയതോടെയാണ് സ്വർണക്കടത്തിൽ പൊട്ടിക്കുന്ന സംഘങ്ങളും തട്ടിക്കുന്ന കാരിയർമാരുമുണ്ടായത്; തട്ടിക്കൊണ്ടുപോകലുകൾ പതിവായത്.

കാരിയർക്ക്  50,000; മറിച്ചു നൽകിയാൽ ലക്ഷങ്ങൾ 

അൻപതിനായിരം രൂപയും വിമാനടിക്കറ്റുമാണ് ദുബായിൽ നിന്നു സ്വർണം കേരളത്തിലെ വിമാനത്താവളത്തിലെത്തിക്കുന്ന കാരിയർക്കുള്ള പ്രതിഫലം. ഉടമകൾക്കു പകരം മറ്റു സംഘങ്ങൾക്ക് ഈ സ്വർണം നൽകിയാൽ കിട്ടുന്നത് ലക്ഷങ്ങൾ.

കെട്ടിത്തൂക്കിയിട്ട് ചോദ്യം ചെയ്തു; ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങി 

കാരിയർമാരുടെ കയ്യിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാൻ സ്വർണക്കടത്തിൽ പണം മുടക്കിയവർ നിയോഗിക്കുന്ന ‘ചോദ്യം ചെയ്യൽ സംഘങ്ങളാണ്’  തട്ടിക്കൊണ്ടുപോകലുകൾക്കു പിന്നിൽ. കാരിയർ ആർക്കാണ് സ്വർണം കൈമാറിയത് എന്നറിയുകയാണ് ലക്ഷ്യം. തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ വച്ചു ക്രൂരമായി മർദിച്ചാണ് ചോദ്യം ചെയ്യൽ. വിവരം കിട്ടിക്കഴിഞ്ഞാൽ കാരിയറെ വഴിയിൽ എവിടെയെങ്കിലും ഉപേക്ഷിക്കും.

കോഴിക്കോട് നിന്ന് കഴിഞ്ഞ വർഷം തട്ടിക്കൊണ്ടുപോയ മൂന്നു യുവാക്കളെയും ക്രൂരമായി മർദിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം  വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരം ക്വട്ടേഷനുകളിൽ വിദഗ്ധരായവർ സ്വർണക്കടത്തുസംഘങ്ങളുടെ കയ്യിലുണ്ട്. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മഞ്ചേരി സ്വദേശി മുഹമ്മദലി ഷിഹാബ് കൊടുവള്ളിയിലെ ഒരു സ്വർണക്കടത്തു സംഘത്തിലെ ‘ചോദ്യം ചെയ്യൽ’  വിദഗ്ധനായിരുന്നു എന്നു പൊലീസ് പറയുന്നു.

2014 ൽ ഓമശ്ശേരിയിലെ ഒരു യുവാവിനെ പൊലീസാണെന്നു പരിചയപ്പെടുത്തി എത്തിയാണ് ഷിഹാബും സംഘവും തട്ടിക്കൊണ്ടുപോയത്. മൂന്നു ദിവസം തലകീഴായി കെട്ടിത്തൂക്കിയിട്ട് മർദിച്ചു.ബോധം നഷ്ടപ്പെട്ടതോടെ കോഴിക്കോട്ട് ഒരു ആശുപത്രിയിൽ ഉപേക്ഷിച്ച് ഷിഹാബും സംഘവും മുങ്ങി.  ഈ കേസിൽ ഒരു വർഷത്തിനു ശേഷമാണ് ഷിഹാബിനെ പൊലീസ് പിടികൂടിയത്. ഇർഷാദിന്റെ കേസിൽ പക്ഷേ പണം മുടക്കിയ സ്വാലിഹ് തന്നെ ക്വട്ടേഷൻ നടപ്പാക്കാൻ നേരിട്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com