ഒരെണ്ണം പോലുമില്ല എലിപ്പനി ഗുളിക

HIGHLIGHTS
  • പ്രളയകാല മരുന്നുകൾക്കെല്ലാം കടുത്ത ക്ഷാമം
medicin
SHARE

കോഴിക്കോട്∙ സംസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാവുകയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയും ചെയ്യുമ്പോൾ എലിപ്പനിക്കുള്ള  പ്രതിരോധ ഗുളികയായ ഡോക്സിസൈക്ളിൻ ഒന്നു പോലും സ്റ്റോക്കില്ലാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ). കാരുണ്യ ഫാർമസി വഴി 48 ലക്ഷം ഗുളിക വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും മരുന്ന് നൽകേണ്ട 2 കമ്പനികളും ഒരു ഗുളിക പോലും സംസ്ഥാനത്ത് എത്തിച്ചിട്ടില്ല. മങ്കി പോക്സിനുള്ള എസൈക്ളോവീർ ഇൻജക്‌ഷൻ, വിവിധ ആന്റി ബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ തുടങ്ങിവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ്. 

മരുന്നുക്ഷാമം ഇല്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിക്കുമ്പോഴും വൻ പ്രതിസന്ധിയാണ് സർക്കാർ ആശുപത്രികളിൽ. മലിനജലത്തിൽ ഇറങ്ങി ജീവൻരക്ഷാ പ്രവർത്തനം നടത്തുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധമായിട്ടാണ് ഡോക്സിസൈക്ളിൻ  നൽകുന്നത്. എല്ലാ മഴക്കാലത്തിനു മുൻപും സർക്കാർ ആശുപത്രികളിൽ വ്യാപകമായി സംഭരിക്കുന്നതാണിത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക്  സൗജന്യമായി നൽകാറുമുണ്ട്. സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തുന്നതും ഡോക്സിസൈക്ളിൻ മരുന്നിനാണെന്ന് ഡോക്ടർമാർ പറയുന്നു.  എന്നാൽ കഴിഞ്ഞ വർഷത്തെ സ്റ്റോക്കിൽ ആശുപത്രികളിൽ ബാക്കിയുള്ള നൂറിൽ താഴെ ഗുളികകളാണ് ഇപ്പോൾ   ഡോക്ടർമാർക്ക് ആശ്രയം. 

കെഎംഎസ്‌സിഎലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെൻഡർ നടപടികൾ തന്നെയാണ് പ്രശ്നമായത്. അസംസ്കൃത വസ്തുക്കളുടെ വിലമാറ്റം കാരണം ജൂണിൽ വിളിച്ച പൊതു ടെൻഡറിൽ ഒരു കമ്പനി പോലും ഡോക്സിസൈക്ളിൻ ക്വോട്ട് ചെയ്തില്ല. ജൂലൈ എട്ടിനാണ് കാരുണ്യ വഴി പുതിയ ക്വട്ടേഷൻ ക്ഷണിച്ചത്. 1.06 രൂപയ്ക്ക് ക്വോട്ട് ചെയ്ത ഡൽഹി കമ്പനിക്ക് 60% ഓർഡർ നൽകി. രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്ര കമ്പനി ഇതേ നിരക്കിന് 40% ഗുളിക നൽകാമെന്ന് ഏറ്റു.

എന്നാൽ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി പിൻവാങ്ങി. അതോടെ 100% മരുന്നും നൽകേണ്ട ഉത്തരവാദിത്തം രണ്ടാം സ്ഥാനക്കാർക്കായി. ഓർഡർ ലഭിച്ചതുമുതൽ 45 ദിവസമെങ്കിലും കഴിയാതെ മരുന്ന് എത്തിക്കാൻ സാധിക്കില്ലെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  നൽകാമെന്നേറ്റ 40% മരുന്ന് മാത്രമേ 1.06 രൂപയ്ക്ക് നൽകാനാകൂ എന്നും ബാക്കിക്ക്  ആ വില പോരെന്നുമാണ് കമ്പനി നിലപാട്. 

തലപ്പത്ത് ആളുറയ്ക്കാതെ കോർപറേഷൻ 

500 കോടിയിലേറെ രൂപയുടെ വാർഷിക ഇടപാട് നടത്തുന്ന മെഡിക്കൽ കോർപറേഷന്റെ എംഡി കസേരയിൽ എത്തുന്നവർക്ക് ഇരിപ്പുറയ്ക്കുന്നില്ല. കഴിഞ്ഞ ആറു മാസത്തിനിടെ നാല് എംഡിമാരാണ് മാറി മാറി വന്നത്. ഡി.ബാലമുരളിക്കു ശേഷം ശ്രീറാം വെങ്കട്ടരാമനായിരുന്നു കസേരയിൽ. ശ്രീറാമിനെ മാറ്റി നവജ്യോത് ഖോസയെ നിയോഗിച്ചെങ്കിലും മുൻപ് എംഡിയായിരുന്നപ്പോഴത്തെ ദുരനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഖോസ പിൻവാങ്ങി. അവധിയിലായിരുന്ന ഡോ.എസ്.ചിത്രയെ വിളിച്ചു വരുത്തിയാണ് എംഡിയുടെ ചുമതല ഏൽപിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}