നന്മണ്ട ∙ ബ്രിട്ടിഷ് സർവാധിപത്യവും അതിനെതിരെ നടന്ന നേർക്കുനേർ സമരങ്ങളുടെയും തുടിക്കുന്ന ഓർമകൾ അവശേഷിപ്പിക്കുകയാണ് പുതുക്കി പണിതെങ്കിലും നന്മണ്ടയിലെ പഴയ ഹജൂർ കച്ചേരി. ബ്രിട്ടിഷ് കാലത്തെ ഹജൂർ കച്ചേരിയിലായിരുന്നു പിന്നീട് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പതിറ്റാണ്ടുകൾ പിന്നിട്ടതോടെ കെട്ടിടം ആകെ ജീർണാവസ്ഥയിലായിരുന്നു. രണ്ട് വർഷം മുൻപ് പഴയ കെട്ടിടം പൊളിച്ചു മാറ്റി. വില്ലേജ് ഓഫിസിനു പുതിയ കെട്ടിടം നിർമിച്ചു.
കച്ചേരി നിലവിലുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ പുതുതായി നിർമിച്ച ചെറിയൊരു കെട്ടിടം മാത്രമാണ് ഉള്ളത്. വില്ലേജ് ഓഫിസിലെ രേഖകൾ സൂക്ഷിക്കുന്നതിനായി ഈ ഭാഗം ഉപയോഗിക്കുന്നു. പഴയ ഹജൂർ കച്ചേരിയിലായിരുന്നു ബ്രിട്ടിഷ് നിയമപ്രകാരമുള്ള വിചാരണ നടത്തി ശിക്ഷ വിധിച്ചതും പ്രാദേശിക ഭരണം നിയന്ത്രിച്ചിരുന്നതും. കുതിരപ്പന്തിയും ഇവിടെ ഉണ്ടായിരുന്നു. ബാലുശ്ശേരി മുക്കിലെ ബംഗ്ളാവിൽ നിന്നാണ് സായിപ് ഇവിടേക്ക് എത്തിയിരുന്നത്. നാട്ടുകാരായ ഉദ്യോഗസ്ഥരും ഇവിടെ ഉണ്ടായിരുന്നു.
നന്മണ്ട മേഖലയിൽ പനോളിക്കണ്ടി അമ്മദ്കോയയുടെ നേതൃത്വത്തിലായിരുന്നു ബ്രിട്ടിഷ് ഭരണത്തിനെതിരെയുള്ള സമരങ്ങൾ നടന്നിരുന്നത്. ആച്ചലത്ത് പെരയൻ, ചോമച്ചംകണ്ടി ഗോപാലൻ നായർ, വി.എം.കിടാവ്, അയ്യപ്പൻകണ്ടി രാരിച്ചൻ, മരുതാട്ട് കണാരൻ, പള്ളിക്കയറ്റ്യേര ചന്തു, വേട്ടക്കരക്കണ്ടി അപ്പുക്കിടാവ് തുടങ്ങിയവരെല്ലാം സമരത്തിന്റെ ഭാഗമായവരായിരുന്നു. സമരത്തിന്റെ ഭാഗമായി നെൽക്കൃഷിക്ക് കരം കൊടുക്കാൻ ഒട്ടേറെ കർഷക പ്രമാണിമാർ തയാറായിരുന്നില്ല. ഇവർക്കുള്ള നിൽപ് ശിക്ഷയും പിഴയും വിധിച്ചതും ഹജൂർ കച്ചേരിയിലായിരുന്നു. പ്രാദേശികമായി നടക്കുന്ന സ്വാതന്ത്ര്യസമരങ്ങളിൽ ആരെല്ലാം പങ്കെടുക്കുന്നുണ്ട് എന്നതിനെ കുറിച്ച് അന്വേഷിക്കുന്നതും ഇവിടെയുള്ള ഉദ്യോഗസ്ഥർ ആയിരുന്നു. കെട്ടിടം മാറിയെങ്കിലും ഈ നാടിന്റെ ഓർമകൾക്ക് മാറ്റമില്ല.