ADVERTISEMENT

കൂരാച്ചുണ്ട് ∙ കക്കയം ഡാം റോഡിൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ ‍തകർന്ന കക്കയം വാലി മേഖലയിൽ പാത നന്നാക്കാതെ ഇന്നു മുതൽ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം ആരംഭിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. കക്കയം വാലിക്ക് സമീപത്ത് കഴിഞ്ഞ ദിവസം കനത്ത മഴയിൽ പാതയോരം ഇടിഞ്ഞത് താൽക്കാലികമായി നന്നാക്കാൻ പോലും നടപടി സ്വീകരിച്ചിട്ടില്ല. ഇടിയുന്ന പാതയോരത്തു വാഹനങ്ങൾ അപകടകരമായ വിധത്തിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. 

ടൂറിസ്റ്റ് കേന്ദ്രം തുറക്കുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ വന്നാൽ റോഡിൽ അപകട സാധ്യത വർധിക്കും. പൊതുമരാമത്തിന്റെ കീഴിലുള്ള റോഡ് അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉണ്ട്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ കക്കയം ഇക്കോ ടൂറിസം സെന്ററിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

കക്കയം വാലി മേഖലയിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും മഴ കാരണമാണ് തുടങ്ങാത്തതെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

കക്കയം ഡാമിന്റെ ഷട്ടറുകൾ 15 സെന്റീമീറ്ററും 30 സെന്റീമീറ്ററും വീതം ഉയർത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഒന്നാമത്തെ ഷട്ടർ വൈകിട്ട് ആറിനും രണ്ടാമത്തേത് 6.35നുമാണ് ഉയർത്തിയത്. 757.98 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 757.50 മീറ്ററാണ് റെഡ് അലർട്ട് ലവൽ. 10 മില്ലി മീറ്റർ മഴയാണ് വൈകിട്ടു ലഭിച്ചത്. കുറ്റ്യാടിപ്പുഴയുടെ ഇരു കരകളിൽ ഉള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത തുടരണമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com