ADVERTISEMENT

കോഴിക്കോട്∙ ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലാണ് മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്കു സമീപം വള്ളിൽ വീട്ടിൽ ദേവിയും വിലാസിനിയും താമസം. മാനാഞ്ചിറ–വെള്ളിമാട് കുന്ന് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ പേരിൽ അവതാളത്തിലായത് ഇവരുടെ ജീവിതമാണ്. ഭൂഉടമകളിൽ നിന്നു വിലപേശി ഭൂമി വാങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന് എല്ലാ രേഖകളും ഇവർ സിറ്റി റോഡ് പ്രൊജക്ട് ഭൂമി ഏറ്റെടുക്കൽ തഹസിൽദാറുടെ ഓഫിസിൽ ഏൽപിച്ചു. സെന്റിന് 15.50 ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. അതനസുരിച്ചുള്ള സ്കെച്ചും രേഖകളും 3 വർഷം മുൻപു തയാറാക്കിയതുമാണ്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് നഷ്ടപരിഹാരം നീട്ടിക്കൊണ്ടു പോയി.  

കഴിഞ്ഞയാഴ്ച ഹിയറിങ്ങിനു വിളിപ്പിച്ച ശേഷം ഉദ്യോഗസ്ഥർ അറിയിച്ചത് വിലപേശൽ പ്രകാരം ഭൂമി ഏറ്റെടുക്കുന്നില്ല, ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമേ ഏറ്റെടുക്കുന്നുള്ളൂ എന്നാണ്. നേരത്തെ നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ തുകയേ നൽകൂ എന്നും അറിയിച്ചു. കൂടുതൽ തുക വേണമെങ്കിൽ കേസിനു പോകാനാണ് ഇവരോട് അറിയിച്ചിരിക്കുന്നത്. കെഎസ്ആർടിസി റീജനൽ വർൿഷോപ്പിനു സമീപത്തെ ഷേഖ് അബ്ദുൽ സമദിന്റെ കുടുംബത്തിന്റെ അനുഭവവും സമാനമാണ്. മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ് യാഥാർഥ്യമാക്കാൻ ചരിത്രകാരൻ എം.ജി.എസ്. നാരായണനൊപ്പം നിരാഹാരം കിടന്നയാളാണ് ഷേഖ് അബ്ദുൽ സമദ്. 2016ൽ അദ്ദേഹം മരിക്കുന്നതിനു മുൻപു തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആധാരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി ഓഫിസിൽ എത്തിച്ചിരുന്നു. 

അന്ന് വിലപേശൽ പ്രകാരമാണു ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. അതുപ്രകാരം 18.50 ലക്ഷം രൂപ സെന്റിനു വിലയായി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 6 വർഷമായി നിസ്സാര കാര്യങ്ങളുടെ പേരിൽ സ്ഥലമെടുപ്പു നീട്ടി നീട്ടിക്കൊണ്ടുപോയി. ഇതുവരെ ഏറ്റെടുത്തിട്ടില്ല. വിലപേശൽ പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണെങ്കിൽ, വിലപേശൽ വഴി നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ തുക മാത്രമേ  ഉടമകൾക്കു ലഭിക്കൂ. കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുള്ളവർക്കു കോടതിയെ സമീപിക്കാം. നിലവിൽ നിശ്ചയിച്ച 14–20 ലക്ഷത്തിനു പകരം വിപണി വില അനുസരിച്ച്  50 ലക്ഷമോ ഒരു കോടിയോ ഒക്കെ കക്ഷികൾ ആവശ്യപ്പെട്ടേക്കാം. അനുകൂല വിധിയുണ്ടായാൽ അത്രയും തുക വീണ്ടും സർക്കാർ നൽകേണ്ടി വരും. 

കോഴിക്കോട്∙ ഭൂഉടമകൾ എതിർപ്പില്ലാതെ സ്ഥലം കൈമാറാനും അതു വഴി റോഡ് വികസനം അതിവേഗത്തിലാക്കാനും വേണ്ടി സർക്കാർ പ്രഖ്യാപിച്ച നെഗോഷ്യബിൾ പർച്ചേസ് (വിലപേശി വാങ്ങൽ) പദ്ധതിയും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫിസിലെ ചില ജീവനക്കാർ ഇടപെട്ട് അട്ടിമറിച്ചു. ഈ പദ്ധതി പ്രകാരം ഭൂമി നൽകാൻ തയാറായവരെപ്പോലും നിരുത്സാഹപ്പെടുത്തി സർക്കാരിനെതിരെ കേസ് കൊടുപ്പിച്ച് സ്ഥലമെടുപ്പ് വീണ്ടും അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ചില ജീവനക്കാർ ശ്രമിക്കുന്നതായാണ് ആരോപണം. 

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് ഓഫിസിലെ ചില ജീവനക്കാർ തന്നെയാണ് അഭിഭാഷകരെ ഇതിനായി ഏർപ്പെടുത്തിക്കൊടുക്കുന്നത്. ഓഫിസിലെ ഹിയറിങ്ങിൽ ഭൂഉടമകൾ ഹാജരാകുമ്പോൾ, സർക്കാരിനെതിരെ കേസ് വാദിക്കാൻ അഭിഭാഷകർ ഇതേ ഓഫിസിൽ ഇരുന്ന് കക്ഷികളെ കാൻവാസ് ചെയ്യുന്നതും കാണാം. ഭൂഉടമകൾ തയാറാകാത്തതു കൊണ്ടാണു വിലപേശി ഭൂമി ഏറ്റെടുക്കുന്നത് നിർത്തിയതെന്നാണ് തഹസിൽദാറുടെ വിശദീകരണം. എന്നാൽ ഉടമകൾ സന്നദ്ധത തെളിയിച്ചിട്ടും പലരുടെയും ഭൂമി ഏറ്റെടുക്കാൻ ഇവർ തയാറായില്ലെന്നാണു വിവരം. 

കലക്ടർ അടിയന്തര റിപ്പോർട്ട് തേടി

കോഴിക്കോട്∙ മാനാഞ്ചിറ–വെള്ളിമാട് കുന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകൾ പുറത്തു വന്ന സാഹചര്യത്തിൽ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഭൂമി ഏറ്റെടുക്കൽ സ്പെഷൽ തഹസിൽദാറോട് വിവരങ്ങൾ തേടി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടിയന്തരമായി കൈമാറാനാണു നിർദേശിച്ചിരിക്കുന്നത്. 

വിജിലൻസ് റിപ്പോർട്ടിൽ നടപടി വേണം: ആക്‌ഷൻ കമ്മിറ്റി

കോഴിക്കോട്∙ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ മറവിൽ നടത്തിയ ക്രമക്കേടു സംബന്ധിച്ച് 2021ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടും,  അതു സംബന്ധിച്ചു കൈക്കൊണ്ട നടപടികളും പുറത്തു വിടണമെന്നു റോഡ് ആ‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.2008ൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക്, ജനങ്ങളുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും സമ്മർദങ്ങളുടെയും സമരങ്ങളുടെയും ഫലമായാണ് 2012ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയത്. കലക്ടറേറ്റിൽ നിന്നു പ്രധാന ഫയൽ മുക്കിയത് അടക്കം നിക്ഷിപ്ത താൽപര്യക്കാരായ ഭൂ ഉടമകളുടെ താൽപര്യത്തിനു വഴങ്ങി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വൻ ക്രമക്കേടുകളാണ് നടക്കുന്നത്. 

വൻ തുക കൈക്കൂലി ആവശ്യപ്പെട്ടതായി ചില ഉദ്യോഗസ്ഥരുടെ പേരിൽ മുൻപേ പരാതി വന്നു. ആക്‌ഷൻ കമ്മിറ്റി അത് യഥാ സമയം കലക്ടറുടെയും മറ്റ് അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയതും അവരെ സ്ഥാനങ്ങളിൽ നിന്നു നീക്കിയതുമാണ്. ഇപ്പോൾ ഫണ്ട് വിനിയോഗത്തിലും ലക്ഷക്കണക്കിനു രൂപയുടെ വെട്ടിപ്പും തട്ടിപ്പുമാണു നടക്കുന്നത്. പുറമ്പോക്ക് ഭൂമി പോലും റജിസ്റ്റർ ചെയ്ത് നഷ്ടപരിഹാരം നൽകിയെന്ന വിവരം പുറത്തു വരുന്നു. നെഗോഷ്യബിൾ പർച്ചേസ് മുഖേനെ ഭൂ ഉടമകൾക്ക് വേഗത്തിൽ ആകർഷകമായ വില നൽകാനുള്ള പദ്ധതി അട്ടിമറിക്കാനും ദുരുപയോഗം ചെയ്യാനും ശ്രമിച്ചവരെ കണ്ടെത്തണം. കള്ളക്കളിക്കു കൂട്ടു നിന്നവരെ കണ്ടെത്തി സർക്കാർ കർശന നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആക്‌ഷൻ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ വർക്കിങ് പ്രസിഡന്റ് മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. കൺവീനർ സുനിൽ ഇൻഫ്രെയിം, പ്രദീപ് മാമ്പറ്റ, പി.എ.ശശികുമാർ, സദാനന്ദൻ, ഭാഗ്യനാഥൻ, ടി.ടി.നാസർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com