ADVERTISEMENT

കോഴിക്കോട്∙ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഗതാഗതമന്ത്രി നടത്തിയ അദാലത്തിൽ പരാതികളുടെ പ്രളയം.  മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ‘വാഹനീയം’ അദാലത്തിലാണു മോട്ടർ തൊഴിലാളികളടക്കം പരാതികളുടെ കെട്ടഴിച്ചത്. ഓട്ടോ ഡ്രൈവർ‌മാർക്കായിരുന്നു പരാതികളിലേറെയും. സിഎൻ‌ജി ഇന്ധനം കിട്ടാനില്ല, ഓട്ടോ നിർത്തിയിടാൻ നഗരത്തിൽ ആവശ്യത്തിനു സ്റ്റാൻഡുകളില്ല തുടങ്ങിയ പരാതികളാണു കൂടുതലായും കേട്ടത്. സിറ്റിയിലെ ഓട്ടോ ഡ്രൈവർമാരും സമീപ പഞ്ചായത്തുകളിൽ നിന്നെത്തുന്നവരും തമ്മിലുള്ള തർക്കങ്ങളും അദാലത്തിൽ ഉന്നയിക്കപ്പെട്ടു. 

‌നഗരത്തിൽ 4,437 പെർമിറ്റ് ഓട്ടോകൾസർവീസ് നടത്തുമ്പോൾ 64 ഓട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നത് പൊലീസ് 36 ആക്കി ചുരുക്കിയതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. 

ഇനി 2,000 ഓട്ടോകൾക്കു കൂടി പെർമിറ്റ് നൽകിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പുതിയ പെർമിറ്റ് നൽകുന്നതിനു മുൻപ് പാർക്കിങ് അനുവദിക്കണമെന്നു കേരള സ്റ്റേറ്റ് മോട്ടർ ആൻഡ് എൻജിനീയറിങ് ലേബർ സംഘം പ്രതിനിധി മുസമ്മിൽ കൊമ്മേരിയും സിറ്റി ഓട്ടോ ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.പ്രജോഷ്, കെ.സി.ശശികുമാർ എന്നിവരും മന്ത്രിക്കു മുൻപിൽ പരാതിപ്പെട്ടു. കോർപറേഷനോടു കൂട്ടിച്ചേർത്ത പഞ്ചായത്തുകളിൽ ആധുനിക ഓട്ടോകൾക്ക് പെർമിറ്റ് നൽകുമ്പോൾ അതത് പഞ്ചായത്തിൽ മാത്രമായി ഒതുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. കലക്ടർ, പൊലീസ് ചീഫ്, ആർടിഒ, മേയർ എന്നിവരുമായി ചർച്ച നടത്തി 3 ദിവസത്തിനകം നടപടിയെടുക്കാൻ ആർടി ഓഫിസർക്ക് മന്ത്രി നിർദേശം നൽകി. വാഹന നികുതി, ലൈസൻസ് പുതുക്കൽ, റജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു. 

സിഎൻജി ഇന്ധന ലഭ്യതക്കുറവ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു മന്ത്രി പറഞ്ഞു. ജില്ലയിൽ 333 എൽഎംജി ഓട്ടോകൾക്ക് പെർമിറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും എൽഎംജി അപര്യാപ്തത മൂലം അവ സിഎൻജിയിലേക്കും വൈദ്യുതിയിലേക്കും മാറ്റാൻ അപേക്ഷ ലഭിച്ചതായും മന്ത്രി പറഞ്ഞു. 2,000 ഇലക്ട്രിക് വാഹനങ്ങൾക്കു പെർമിറ്റ് കൊടുക്കാൻ സബ്സിഡി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അദാലത്തിൽ 410 പരാതികൾ പരിഗണിച്ചതിൽ 372 എണ്ണം തീർപ്പാക്കി. 28 പരാതികളിൽ നടപടിക്ക് ജില്ലയിലെ വിവിധ ആർടി ഓഫിസുകൾക്ക് നിർദേശം നൽകി. 200 ലേറെ സിഎൻജി പെർമിറ്റ് അപേക്ഷകൾ ലഭിച്ചു. ഈ അപേക്ഷകളിൽ ആർടിഒ ബോർഡ് യോഗം തീരുമാനമെടുക്കും. അദാലത്ത് ഉദ്ഘാടനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, എംഎൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ.മുനീർ, പിടിഎ റഹീം, കെ.എം.സച്ചിൻദേവ്, ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്, അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്.പ്രമോജ് ശങ്കർ, ആർ.രാജീവ്, ആർടിഒ ടി.ആർ.സുമേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com