ADVERTISEMENT

മുക്കം ∙ വിവാദങ്ങൾ നിലനിൽക്കെ കാരശ്ശേരി പഞ്ചായത്തിലെ കക്കാട് കടവിൽ നിർമിച്ച തൂക്കുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് 2ന് മംഗലശ്ശേരിയിൽ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. നഗരസഭയിലെ മംഗലശ്ശേരി തോട്ടം നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ അനുഗ്രഹമാകും തൂക്കു പാലം. കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുന്നത് ഒഴിവാകും. കക്കാട് ഭാഗത്തുള്ളവർക്ക് ചേന്ദമംഗലൂർ ഭാഗങ്ങളിൽ എത്തിപ്പെടാനും സൗകര്യമാകും. പാലം നിർമിച്ച ഇരുവഞ്ഞിപ്പുഴയുടെ ഇരു കരകളും കാരശ്ശേരി പഞ്ചായത്ത് അധീനതയിലുള്ള സ്ഥലങ്ങളാണ്. 

മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ കാലത്ത് അനുവദിച്ച 1.25 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം യാഥാർഥ്യമാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടക സമിതി ചെയർമാനും നഗരസഭാധ്യക്ഷനുമായ പി.ടി.ബാബു, ജനറൽ കൺവീനർ ഇംതിയാസ് എന്നിവർ പറഞ്ഞു. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ജോർജ് എം തോമസ് മുഖ്യാതിഥിയായിരിക്കും.പാലത്തിന്റെ ഇരുകരകളും സ്ഥിതി ചെയ്യുന്ന കാരശ്ശേരി പഞ്ചായത്തിൽ ഉദ്ഘാടന പരിപാടി വയ്ക്കാതെ സിപിഎം ഭരിക്കുന്ന മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിൽ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ വിവാദങ്ങൾക്ക്  വഴിയൊരുങ്ങിയത്. നേരത്തെ കാരശ്ശേരി പ‍ഞ്ചായത്ത് സിപിഎം ഭരിക്കുമ്പോൾ പ്രവൃത്തി ഉദ്ഘാടനം കക്കാട് ആയിരുന്നു നടത്തിയത്. 

ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫും കക്കാട് വാർഡ് അംഗം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആമിന എടത്തിലുമാണ്. ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണവും കിലോമീറ്റർ അകലെയുള്ള ചേന്ദമംഗലൂരിലാണ് നടത്തിയത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് അംഗത്തെയും ക്ഷണിച്ചില്ലെന്നും യുഡിഎഫുകാർ പറയുന്നു. ഉദ്ഘാടനം ബഹിഷ്കരിക്കാൻ കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിന്റെ നോട്ടിസിൽ തങ്ങളുടെ അറിവില്ലാതെയാണ് പേര് വച്ചതെന്ന് വി.പി.സ്മിതയും ആമിന എടത്തിലും പറഞ്ഞു. പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com