ADVERTISEMENT

കോടഞ്ചേരി∙ നീണ്ട നാളത്തെ പരിചയ സമ്പത്ത് ഇല്ലാത്തവർക്കും കയാക്കിങ് വേദി ഒരുക്കി മലബാർ റിവർ ഫെസ്റ്റിവൽ. ചുരുങ്ങിയ മാസത്തെ പരിശീലനവുമായാണ് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പുതുമുഖങ്ങൾ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മാറ്റുരച്ചത്.പുരുഷ -വനിത വിഭാഗങ്ങളിലായി 14 വയസ്സ് മുതലുള്ളവരാണ് മത്സരാർഥികളായി എത്തിയത്. കയാക്കിങ്ങിലേക്ക് ചുവടുവയ്ക്കുന്ന 40 ന് മുകളിൽ പ്രായമുള്ളവരുടേതടക്കം മികച്ച പ്രകടനമാണ് സ്‌ലാലം ഇന്റർമീഡിയറ്റ് വിഭാഗത്തിൽ കാണാനായത്.പതിനാറുകാരി സാബത്തമാണ് വനിത വിഭാഗത്തിലെ വിജയി. 42 വയസ്സുള്ള ആൻ മത്യാസാണ് രണ്ടാം സ്ഥാനം നേടിയത്. 

പുരുഷ വിഭാഗത്തിൽ 23 കാരനായ യാഥാർഥ് ഗെയ്റോള ഒന്നാമതും 14 കാരനായ ആനക് ചൗഹാൻ രണ്ടാം സ്ഥാനവും നേടി. സ്‌ലാലം ഇന്റർമീഡിയറ്റ് മത്സരത്തിൽ വാരാപ്പുഴ ലത്തീൻ രൂപത വൈദികൻ ഫാ.റെക്സ് ജോസഫ് അറയ്ക്കപറമ്പിൽ പങ്കെടുത്തു.പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ പേരെ വൈറ്റ് വാട്ടർ കയാക്കിങ് രംഗത്തേക്ക് എത്തിക്കാനുമാണ് ഇന്റർമീഡിയറ്റ് വിഭാഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു. മത്സരാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തിയതിനു ശേഷമാണ് മത്സരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.കയാക്കിങ് മാമാങ്കം കാണാനെത്തിയ കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.എ.ശ്രീനിവാസ് ചാലിപ്പുഴയിൽ കയാക്കിങ് നടത്തിയത് കയാക്കർമാർക്കും ജനത്തിനും കൗതുക കാഴ്ചയായി.

പ്രഥമ ശുശ്രൂഷ സംവിധാനം ഒരുക്കി ആംബുലൻസ് അസോസിയേഷൻ

കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ മത്സര വേദിയിൽ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ മുക്കം സോണലിന്റെ നേതൃത്വത്തിൽ ആംബുലൻസ്, ഫസ്റ്റ് എയ്ഡ് സംവിധാനം സൗജന്യമായി ഒരുക്കി. ബിജോ വർഗീസ്, എം.ജെ.ജിനീഷ്, മറിയാമ്മ ബാബു, ഷാജി ജോസഫ്, ജോഷി മൈക്കാവ്, ജോയി കൂടരഞ്ഞി, ജലീൽ മുക്കം, ലത്തീഫ് അടിവാരം, ബിന്ദു ബിജോ തുടങ്ങിയവർ നേതൃത്വം നൽകി.ഉത്തരവാദിത്ത ടൂറിസം ജില്ല മിഷനും കോടഞ്ചേരി പഞ്ചായത്തും ചേർന്ന് നാടൻ വിഭവങ്ങളുടെ സ്റ്റാളുകൾ മത്സരവേദിയോട് ചേർന്ന് ഒരുക്കിയത് സന്ദർശകർക്ക് രുചിയുടെ പുത്തൻ അനുഭവം നൽകി.  നാടൻ കപ്പ, കാച്ചിൽ എന്നിവ പുഴുങ്ങിയത്, ഉണ്ണിയപ്പം, നുറുക്ക്, പായസം, കിഴിപൊറോട്ട തുടങ്ങി വിവിധയിനം പലഹാരങ്ങളും വനിത കൂട്ടായ്മയിൽ ഒരുക്കിയിരുന്നു.വലിയകൊല്ലി മരിയൻ ഫുഡ് യൂണിറ്റിലെ വനിതകളാണ് വിവിധ വിഭവങ്ങൾ ഒരുക്കിയത്. കോഴിക്കോട് ധരണി വനിത സംരംഭകരുടെ ടെറാക്കോട്ട ഉൽപന്നങ്ങളും ബേപ്പൂർ കാൻഡിൽ ക്വീൻ വനിത മെഴുകുതിരി നിർമാണ യൂണിറ്റിന്റെ വിവിധ ഉൽപന്നങ്ങളുടെ സ്റ്റാളും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com