ADVERTISEMENT

മുക്കം ∙ ചിരകാലാഭിലാഷം പൂവണിഞ്ഞു. കക്കാട് തൂക്കുപാലം ഉദ്ഘാടനം ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിച്ച് ഇരുവ‍ഞ്ഞിപ്പുഴയുടെ കക്കാട് കടവിൽ 1.25 കോടി രൂപ ചെലവിൽ നിർമിച്ച തൂക്കുപാലം മന്ത്രി എം.വി.ഗോവിന്ദൻ ഗ്രാമത്തിന് സമർപ്പിച്ചു. കക്കാട് ഭാഗത്തു നിന്നു തൂക്കുപാലത്തിലൂടെ ഉദ്ഘാടന വേദിയായ നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിലേക്ക് മന്ത്രി ഉൾപ്പെടെയുള്ള അതിഥികളെ സ്വീകരിച്ചാനയിച്ചു. കക്കാട്, മംഗലശ്ശേരി തോട്ടം, ചേന്നമംഗല്ലൂർ ഭാഗങ്ങളിലെ നിവാസികളുടെ ദീർഘ കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായത്. 

മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.25 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. കാരശ്ശേരി, കക്കാട് ഭാഗത്തുള്ളവർക്ക് ചേന്നമംഗല്ലൂരുമായി ബന്ധപ്പെടാൻ ഇനി ചുറ്റി സഞ്ചരിക്കേണ്ട.രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഉടൻ പരിഹാരം കാണുമെന്നും അടുത്ത 4 വർഷത്തിനുള്ളിൽ അതിദാരിദ്ര്യത്തിനു പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കുടുംബശ്രീകൾ മുഖേന തൊഴിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും. ലിന്റോ ജോസഫ് എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. ജോർജ് എം. തോമസ് മുഖ്യാതിഥിയായിരുന്നു. 

മുക്കം നഗരസഭാധ്യക്ഷൻ പി.ടി.ബാബു, ഉപാധ്യക്ഷ കെ.പി.ചാന്ദിനി, സ്ഥിരം സമിതി അധ്യക്ഷരായ വി.കുഞ്ഞൻ, അബ്ദുൽ മജീദ്, നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി.കുഞ്ഞാലി, സിപിഎം ഏരിയ സെക്രട്ടറി വി.കെ.വിനോദ്, ജി.അബ്ദു‍ൽ അക്ബർ, സംഘാടക സമിതി ജനറൽ കൺവീനർ ഇംതിയാസ്, കെ.ടി.ശ്രീധരൻ, ഷഫീഖ് മാടായി, കെ.മോഹനൻ, സി.കെ.സലീഷ്, ടി.കെ.സാമി, ജയ്സൺ കുന്നേക്കാടൻ, കെ.പി.അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.തൂക്കുപാലം യാഥാർഥ്യമാക്കിയ കരാർ കമ്പനി അനാർക്ക് ബിൽഡേഴ്സിനെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. എൻജിനീയർ ടി.കെ.ലെയ്സിന് മന്ത്രി എം.വി.ഗോവിന്ദൻ ഉപഹാരം നൽകി.

ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിച്ചു

മുക്കം ∙ കക്കാട് തൂക്കുപാലം ഉദ്ഘാടനം കാരശ്ശേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ബഹിഷ്കരിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, വൈസ് പ്രസിഡന്റ് ആമിന എടത്തിൽ എന്നിവരും ചടങ്ങ് ബഹിഷ്കരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഇരുകരകളും കാരശ്ശേരി പഞ്ചായത്തിലാണ്. എന്നിട്ടും കാരശ്ശേരി പഞ്ചായത്ത് അധികൃതരെയും യുഡിഎഫുകാരെയും സംഘാടക സമിതി യോഗത്തിലേക്ക് ക്ഷണിക്കാത്തതിലും ഉദ്ഘാടനം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്ത് നടത്തിയതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com