മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം: അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ; താൽക്കാലിക ജീവനക്കാരും വിരമിച്ചവരും രംഗത്ത്

SHARE

കോഴിക്കോട് ∙ മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിന്റെ ഭൂമി ഏറ്റെടുക്കലിനായി പ്രവർത്തിക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഓഫിസിൽ പദ്ധതി അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ഉദ്യോഗസ്ഥരുടെയും താൽക്കാലിക ജീവനക്കാരുടെയും ഗൂഢനീക്കം. വിലപേശൽ പർച്ചേസ് അട്ടിമറിച്ചതും സ്വന്തക്കാർക്ക് അളവിൽ കൂടുതൽ നഷ്ടപരിഹാരം നൽകിയതും ഈ സംഘമാണ്. 10 വർഷമായി ഒരേ തസ്തികയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർ ഇവിടെ ഉണ്ട്. നേരത്തെ ഇതേ ഓഫിസിൽ നിന്നു വിരമിച്ചവരും താൽക്കാലിക അടിസ്ഥാനത്തിൽ ഇവിടെ തുടരുന്നു. 

പദ്ധതി അനന്തമായി നീളുമ്പോൾ ഇതിന്റെ ഗുണം ഇവർക്കും ലഭിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ പത്തോ പന്ത്രണ്ടോ വർഷം പൂർത്തിയാക്കിയാൽ മാനുഷിക പരിഗണനയുടെ പേരിൽ സ്ഥിരപ്പെടുത്തലിന് അപേക്ഷിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഗുരുതര അച്ചടക്ക നടപടിയും നേരിടേണ്ടി വരില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത് ഒട്ടേറെ പേർ കാത്തിരിക്കുമ്പോഴാണ് ഇത്രയും ദീർഘകാലം ചില ആളുകൾ ഒരേ ഓഫിസിൽ തന്നെ തുടരുന്നത്. വളരെ കുറഞ്ഞ തുകയ്ക്കു പോലും ഇവിടെ വാഹനം ഓടിക്കാൻ ചിലർ സ്ഥിരമായി ശ്രമിക്കുന്നതും ഈ ഓഫിസ് വഴി ലഭിക്കുന്ന മറ്റ് ‘ആനുകൂല്യങ്ങൾ’ കൊണ്ടാണെന്ന് ആരോപണമുണ്ട്. 

നേരത്തെ യഥാർഥ ഭൂഉടമ അറിയാതെ മറ്റു 2 പേർക്ക് നഷ്ടപരിഹാരം നൽകിയ കേസിൽ റവന്യു വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിലും പറഞ്ഞിരുന്നത് ഫയലുകൾ കൈകാര്യം ചെയ്തിരുന്നത് താൽക്കാലിക ജീവനക്കാരാണെന്നും മറ്റു ജീവനക്കാർ ഇവരെ അമിതമായി ആശ്രയിക്കുന്നുണ്ടെന്നും ആയിരുന്നു. അതിനാൽ ദിവസ വേതനക്കാരെ ഒരു വർഷത്തിൽ കൂടുതൽ ഓഫിസിൽ നിയോഗിക്കരുത് എന്നു ശുപാർശയും ചെയ്തിരുന്നു. ആ ജീവനക്കാരൊക്കെ ഇപ്പോഴും ഇതേ ഓഫിസിലുണ്ട്. 

എസ്.ദുർഗയുടെ പേരിലുള്ള ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി സീതാ ദേവി, ഗംഗാദേവി എന്നിവർക്ക് 44.23 ലക്ഷം രൂപ കൈമാറിയ സംഭവത്തിലും ഇതേ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നു. സീതാദേവി, ഗംഗാദേവി എന്നിവർ സമർപ്പിച്ച അപേക്ഷ വിശദമായി പരിശോധിക്കാതെ ചേവായൂർ വില്ലേജ് ഓഫിസിൽ നിന്ന് അനുകൂല രേഖകൾ നൽകി. ഈ രേഖകൾ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ഓഫിസിൽ നൽകി നഷ്ടപരിഹാരം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ വിശദ പരിശോധനയില്ലാതെ രേഖകൾ നൽകാൻ ഈ ഓഫിസിൽ നിന്ന് ചിലർ ഇടപെട്ടു നിരന്തര സമ്മർദം ചെലുത്തിയെന്നാണ് വില്ലേജ് ഓഫിസർ പറയുന്നത്. 

സംഭവത്തിൽ അന്നത്തെ സ്പെഷൽ തഹസിൽദാർ, വാല്യുവേഷൻ അസിസ്റ്റന്റ്, സ്പെഷൽ റവന്യൂ ഇൻസ്പെക്ടർ, ചേവായൂർ വില്ലേജ് ഓഫിസർ അടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ജനുവരിയിൽ റവന്യൂ വിജിലൻസ് റിപ്പോർട്ട് നൽകി. എന്നിട്ടും നടപടിയുണ്ടായില്ല.  വർഷങ്ങൾക്കു മുൻപ് ഇതേ ഓഫിസിൽ ഫയലുകൾ മുക്കൽ പ്രധാന പരിപാടിയായിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥർക്കെതിരെ അന്നത്തെ കലക്ടർ കെ.വി.മോഹൻ കുമാറിന് പരസ്യമായി നിലപാട് എടുക്കേണ്ടി വന്നിരുന്നു. ഇപ്പോഴും സമാന സാഹചര്യമാണ്.  രേഖ സമർപ്പിച്ച പലരുടെയും രേഖകൾ കാണാതായെന്നും പരാതി ഉണ്ട്. 

വ്യാജ ‘വ്യാപാരികൾക്കും’ നഷ്ടപരിഹാരം 

മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് ഏറ്റെടുക്കലിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമികളിലെ കെട്ടിടങ്ങൾ പലതും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ, നഷ്ടപരിഹാര വിതരണം തുടങ്ങിയപ്പോൾ ചില കടകൾ പ്രവർത്തിക്കാൻ തുടങ്ങി.  ഇങ്ങനെ പെട്ടെന്നൊരു ദിവസം കച്ചവടക്കാർ പ്രത്യക്ഷപ്പെട്ടതിനു പിന്നിലുമുണ്ട് ചില തട്ടിപ്പ്.  ഭുമി ഏറ്റെടുക്കലിന്റെ ഭാഗമായി കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഏറ്റെടുക്കാൻ പോകുന്ന സ്ഥലത്തിന്റെ ഉടമയ്ക്ക് ഭൂമിയുടെ വില നൽകും. ഈ ഭുമിയിലെ കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരിക്ക് 50000 രൂപയും കടയിലെ 3 തൊഴിലാളികൾക്ക് 35000 രൂപ വീതവുമാണ് നൽകുന്നത്. 

3 വർഷം തുടർച്ചയായി വ്യാപാരം നടത്തിയവരെയാണ് പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ വർഷങ്ങളായി അടഞ്ഞു കിടന്നിരുന്ന ചില കെട്ടിടങ്ങളിൽ  ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും അടുപ്പക്കാരെയും വ്യാപാരികളാക്കി രേഖയുണ്ടാക്കി. ഇവരെ നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തി. 35000 രൂപയിൽ 10000 രൂപ വരെ കൈപ്പറ്റിയാണ് ഈ ഇടപെടൽ. വ്യാപാരികൾക്കു കോർപറേഷൻ നൽകിയ ലൈസൻസ് പരിശോധിച്ചു നഷ്ടപരിഹാരം നൽകാനായിരുന്നു തീരുമാനം. എന്നാൽ ഒരു രേഖയും ഇല്ലാതെയാണ് സ്വന്തക്കാരെ തള്ളിക്കയറ്റി നഷ്ടപരിഹാരം നൽകിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}