ADVERTISEMENT

കോഴിക്കോട് ∙ മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെ‍‍ഡിസിനിലെ ഒരു കിടപ്പു രോഗിയുടെ വയനാട് ചുരം കാണാനുള്ള ആഗ്രഹത്തിൽ നിന്നാണ് കിടപ്പുരോഗികൾക്കു യാത്ര ചെയ്യാൻ ഒരു കാരവൻ എന്ന പദ്ധതിയിലേക്ക് ഈ വിദ്യാർഥികൾ എത്തുന്നത്. വെള്ളിമാടുകുന്നിലെ ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയറാണ് (എസ്ഐപിസി) സംസ്ഥാനത്ത് ആദ്യമായി കിടപ്പു രോഗികൾക്ക് കാരവൻ എന്ന പദ്ധതി നടപ്പാക്കുന്നത്.

30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി കോഴിക്കോട് ബീച്ചിൽ 4 ദിവസത്തെ കാർണിവൽ ഉൾപ്പെടെയുള്ള പരിപാടികളാണ് വിദ്യാർഥികൾ നടപ്പാക്കുന്നത്. 18 മുതൽ 21 വരെയാണ് 555 ദി റൈൻ ഫെസ്റ്റ് കാർണിവൽ ഒരുക്കുന്നത്. കോളജിലെ എസ്ഐപിസി യിലെ വൊളന്റിയർമാർ മെഡിക്കൽ കോളജ് ഐപിഎമ്മിലെ കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി സ്ഥിരമായി പോകാറുണ്ട്. ഇങ്ങനെ ഒരു യാത്രയിലാണ് ഒരു കിടപ്പുരോഗി ചുരം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ആംബുലൻസിൽ ഉല്ലാസയാത്ര പോകുന്നതിന്റെ അനൗചിത്യം മനസ്സിലാക്കിയ വിദ്യാർഥികളാണ് ഒരു കാരവൻ ആയിക്കൂടെയെന്നു ചിന്തിക്കുന്നതും ഇതിനായി പരിശ്രമിക്കുന്നതും. ഇതിനു പ്രചാരണം നടത്താനും പണം സമാഹരിക്കാനുമായി കോളജിലെ വിദ്യാർഥികളായ ജദീർ അലി, മുഹമ്മദ് ഷിൻസ്, മുഹമ്മദ് സബാഹ് എന്നിവർ കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ സഞ്ചരിച്ചു ഒട്ടേറെ കോളജുകളിൽ ഈ പദ്ധതിയുടെ സന്ദേശം എത്തിക്കുകയും പണം പിരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബീച്ചിൽ ഇന്നു മുതൽ 4 ദിവസത്തെ കാർണിവൽ ഒരുക്കുന്നത്.

കാർണിവലിൽ കിടപ്പുരോഗികൾക്ക് പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. കിടപ്പുരോഗികളുടെ വീൽചെയർ കൊണ്ടുവരാനായി പ്രത്യേകം റാംപ് ഒരുക്കും. ഇവരെ സഹായിക്കാനായി മാത്രം 60 വൊളന്റിയർമാർ സദാ സന്നദ്ധരായുണ്ടാകുമെന്ന് കോളജ് പ്രിൻസിപ്പൽ സി.എച്ച്.ജയശ്രീയും പിടിഎ പ്രസിഡന്റ് കെ.അബ്ദുൽ നാസറും പറഞ്ഞു. 50 രൂപയാണ് പ്രവേശന ഫീസ്.

കാർണിവലിൽ നിന്നു ലഭിക്കുന്ന വരുമാനവും ഉദാരമതികളുടെ സഹായവും സ്വീകരിച്ച് സന്തോഷകരമായ അന്തരീക്ഷം ഉണ്ടാക്കുന്ന ഒരു മെഡിക്കൽ കാരവാൻ ഒരുക്കി കോളജിൽ സൂക്ഷിക്കുകയും കിടപ്പു രോഗികൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സൗജന്യമായി യാത്ര ചെയ്യാൻ അവസരം ഒരുക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിദ്യാർഥി പ്രതിനിധികളായ എം.സി.ആദിലും  കെ.വി.സാറയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com