മതിൽ കെട്ടി ദേശീയപാത: വ്യാപാരികൾ പ്രതിഷേധിച്ചു

Mail This Article
അഴിയൂർ ∙ മണ്ണിട്ട് ഉയർത്തി ടൗണിനെ രണ്ടായി മുറിക്കുന്ന ദേശീയപാത നിർമാണത്തിന് എതിരെ കുഞ്ഞിപ്പള്ളിയിലെ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധ ധർണ നടത്തി. കുഞ്ഞിപ്പള്ളി ടൗണിലേക്ക് സർവീസ് റോഡ് നിഷേധിച്ചും മതിൽകെട്ടി ടൗണിനെ പൂർണമായി ഒറ്റപ്പെടുത്തിയും ഉള്ള നിർമാണം വ്യാപാര സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും പ്രയാസമാകും. കുടുംബാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, കൃഷിഭവൻ, ചരിത്ര പ്രസിദ്ധമായ കുഞ്ഞിപ്പള്ളി മുതലായവ ഒറ്റപ്പെടുന്ന അവസ്ഥയ്ക്ക് എതിരെ സംയുക്ത വ്യാപാരി സംഘടനകൾ ചേർന്നാണ് ധർണ നടത്തിയത്.
ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും വരെ പ്രതിഷേധ സമരവുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. ധർണ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. കെ.എ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അരുൺ ആരതി, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, ഹരീഷ് ജയരാജ്, പി.കെ.വത്സൻ, കവിത അനിൽകുമാർ, സി.എം.സജീവൻ, കെ.പി.ചെറിയ കോയ തങ്ങൾ, വി.പി.പ്രകാശൻ, ഇ.എം.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.