ADVERTISEMENT

കോഴിക്കോട് ∙ തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടൻ കരൾമാറ്റിവയ്ക്കൽ  ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്തെ ഡോക്ടർമാർക്ക് ഇതിനായുള്ള പരിശീലനം പൂർത്തിയാക്കി. അവയവമാറ്റത്തിനു മാത്രമായി കോഴിക്കോട്ട് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനാണ് ആലോചന. മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള തസ്തികകൾ നികത്താൻ കോടതിയിലെ കേസുകളാണു തടസ്സം. കേസ് ബാധിക്കാത്ത തസ്തികകൾ നികത്തിയിട്ടുണ്ട്. 2017 മുതൽ അസോഷ്യറ്റ് പ്രഫസർ തസ്തികയിൽ നിയമനം നടത്തുന്നതിനു സ്റ്റേ ഉണ്ടായിരുന്നു. 

ആ തസ്തികയിലേക്ക് പ്രൊവിഷനൽ പ്രമോഷൻ നൽകിയാണു പ്രശ്നം പരിഹരിച്ചത്. അടുത്ത കേസ് കോടതി 28നു പരിഗണിക്കുന്നുണ്ട്. കൂടുതൽ പോസ്റ്റുകൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.  കോഴിക്കോട് മെഡിക്കൽ കോളജിൽ പുതുതായി അനുമതി ലഭിച്ച നവജാത ശിശു വിഭാഗം, മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  മെഡിക്കൽ കോളജിലെയും ഇംഹാൻസിലെ വിദ്യാർഥികൾക്കായി നിർമിക്കുന്ന ഹോസ്റ്റലുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന 'ഉന്നത മാതൃത്വ സംരക്ഷണം' ലക്ഷ്യ ഗുണനിലവാര പരിശോധനയിൽ കോഴിക്കോട് മാത്യ-ശിശുസംരക്ഷണ കേന്ദ്രത്തിന് ലഭിച്ച ദേശീയ അംഗീകാരത്തിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. 

കോഴിക്കോട് മെഡിക്കൽ കോളജിൽ 23 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പ്രാവർത്തികമാക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ച് പുതിയ ഉപകരണങ്ങൾ ലഭ്യമാക്കിയാണ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് ലാബ് സജ്ജീകരിച്ചത്. ആശുപത്രിയിൽ നവജാത ശിശു പരിപാലനത്തിനായി പ്രത്യേക വിഭാഗം ആരംഭിക്കാൻ സാധിച്ചത് നേട്ടമാണെന്നും ഇതിലൂടെ ഭാവിയിൽ സ്‌പെഷലിസ്റ്റ് ട്രെയിനിങിനും ഉപരിപഠനത്തിനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.     കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കായി 14 കോടി രൂപ ചെലവിലും ഇംഹാൻസിലെ വിദ്യാർഥികൾക്കായി മൂന്ന് കോടി രൂപ ചെലവിലുമാണ് ഹോസ്റ്റലുകൾ നിർമിക്കുന്നത്.  

മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ബീന ഫിലിപ്, എളമരം കരീം എംപി , എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.സിന്ധു, മെഡിക്കൽ കോളജ് സൂപ്രണ്ട് എം.പി.ശ്രീജയൻ, ഐസിഡി സൂപ്രണ്ട് ഡോ.കെ.പി.സൂരജ്, സൂപ്പർ സ്‌പെഷൽറ്റി ബ്ലോക്ക് സൂപ്രണ്ട് ഡോ.പി.വിജയൻ, ഇംഹാൻസ് ഡയറക്ടർ ഡോ.പി കൃഷ്ണകുമാർ, ഡിഎംഇ തോമസ് മാത്യൂ, എൻഎച്ച്എം ഡിപിഎം ഡോ.എ.നവീൻ, ഡോ.കെ.അരവിന്ദൻ, വിവിധ വകുപ്പ് മേധാവികളായ ഡോ. എൻ.കെ.സുപ്രിയ, ഡോ.വി.ടി.അജിത് കുമാർ, പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി,  ഐഎംസിഎച്ച് സൂപ്രണ്ട് ഡോ.സി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com