പിടിച്ച മിശ്രിതത്തിൽനിന്ന് കിട്ടിയത് 2.25 കോടിയുടെ സ്വർണം

Mail This Article
കരിപ്പൂർ ∙ വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെ കടത്താൻ ശ്രമിച്ചു കസ്റ്റംസ് പിടികൂടിയ 4.9 കിലോ മിശ്രിതത്തിൽനിന്നു വേർതിരിച്ചെടുത്തത് 2.25 കോടി രൂപയുടെ 4.41 കിലോഗ്രാം സ്വർണം. കടത്തു പദ്ധതിയില്‍ കൂടുതല്‍ പേര്‍ക്കു പങ്കെന്നു സംശയം.ഇൻഡിഗോ വിമാനക്കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവ് റാംപ് സൂപ്പർവൈസർ മലപ്പുറം അരീക്കോട് സ്വദേശി കെ.വി.സാജിദ് റഹ്മാൻ (29), കസ്റ്റമര്‍ സര്‍വീസ് ഏജന്റ് കണ്ണൂര്‍ കൊറ്റാളി അത്താഴക്കുന്ന് സ്വദേശി കെ.സി. മുഹമ്മദ് സാമിൽ ഖൈസ് (27) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.ലഗേജിലെ രാജ്യാന്തര ടാഗ് മാറ്റി, ആഭ്യന്തര യാത്രക്കാരന്റെ ടാഗ് വച്ച് കസ്റ്റംസ് പരിശോധനയില്ലാതെ കടത്താനായിരുന്നു പദ്ധതിയെന്ന് കസ്റ്റംസ് അറിയിച്ചു.
12നു രാവിലെ ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ വയനാട് സ്വദേശി അഷ്കറലി എന്ന യാത്രക്കാരന്റേതാണ് ലഗേജ്. നേരത്തേതന്നെ സ്വർണക്കടത്തു സൂചനയുള്ളതിനാൽ ഈ ലഗേജ് കൂടുതൽ പരിശോധനയ്ക്കായി കസ്റ്റംസ് മാറ്റിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും മറ്റും പരിശോധിച്ച് വിമാനക്കമ്പനി ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഗേജ് കൈപ്പറ്റാൻ യാത്രക്കാരൻ എത്തിയതുമില്ല.
വയനാട്ടിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും യാത്രക്കാരനെ കിട്ടിയില്ല. തുടർന്ന് 14നു രാത്രി സാക്ഷികളുടെ സാന്നിധ്യത്തിൽ പെട്ടി തുറന്നു. 4.91 കിലോഗ്രാം മിശ്രിതം ലഭിച്ചു. അതിൽനിന്നു 4.41 കിലോഗ്രാം സ്വർണം വേര്‍തിരിച്ചെടുത്തു. ഇതിന് 2.25 കോടി രൂപ മൂല്യമുണ്ടെന്നും കണക്കാക്കുന്നു.