ADVERTISEMENT

ബാലുശ്ശേരി∙ തെങ്ങുകളിൽ വിവിധ തരം ഫംഗസ് രോഗങ്ങൾ ബാധിക്കുന്നതു കാരണം കർഷകർ ആശങ്കയിൽ. ബാലുശ്ശേരി മേഖലയിൽ ഇതിനകം 3 തരം ഫംഗസ് ബാധ തിരിച്ചറിഞ്ഞിട്ടുണ്ട്.എന്നാൽ ഇവയൊന്നും അ‍ജ്ഞാത രോഗമല്ലെന്നും നിലവിൽ കൃഷി വകുപ്പ് കണ്ടെത്തിയ കുമിൾ ബാധയാണെന്നും അധികൃതർ പറഞ്ഞു. ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം രോഗബാധ തെങ്ങുകളിൽ വ്യാപകമായി.

തെങ്ങിന്റെ ഓലകൾ പെട്ടെന്ന് മഞ്ഞളിക്കുന്ന രോഗം നേരത്തേ കണ്ടെത്തിയിരുന്നു. രോഗം ബാധിക്കുന്നതോടെ മഞ്ഞളിപ്പു പടർന്ന് തെങ്ങ് പൂർണമായി നശിച്ചുപോകുന്നു. മണ്ണിലൂടെയാണ് ഈ ഫംഗസ് ബാധ പടരുന്നത്. മഞ്ഞപ്പാലം, കാട്ടാമ്പള്ളി മേഖലയിലെ ഒട്ടേറെ കർഷകർക്കാണ് വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്. ഒന്നര വർഷം മുൻപ് സമാന രോഗബാധ കണ്ടെത്തിയപ്പോൾ വിദഗ്ധ സംഘം കൃഷിയിടങ്ങൾ സന്ദർശിച്ചിരുന്നു.

ഫംഗസ് ബാധയുടെ ആദ്യ ഘട്ടത്തിൽ തന്നെ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അധികൃതർ നിർദേശിച്ചിരുന്നു. 

നിലവിലെ ഫംഗസ് ബാധയുടെ വിവരങ്ങൾ കൃഷി ഉദ്യോഗസ്ഥർ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അധികൃതരെ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ വിലയിരുത്തിയ ശേഷം സന്ദർശന കാര്യത്തിൽ തീരുമാനം ഉണ്ടാകും.മലയോര മേഖലകളിൽ മറ്റൊരു തരത്തിലാണ് തെങ്ങുകൾ നശിക്കുന്നത്. തെങ്ങിന്റെ തലപ്പ് മറിഞ്ഞുവീണാണ് വയലട, തോരാട് മേഖലകളിൽ തെങ്ങ് നശിക്കുന്നത്. ഉൾഭാഗം നശിച്ച് പൊടുന്നനെ തെങ്ങിന്റെ തലപ്പ് മുറിഞ്ഞു വീഴുകയാണെന്ന് കർഷകർ പറഞ്ഞു.തെങ്ങിന്റെ രോഗ ലക്ഷണങ്ങൾ പുറത്ത് കാണാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നു. തൈ തെങ്ങുകൾ വരെ വ്യാപകമായി നശിക്കുന്നു. കാറ്റു വീഴ്ചയും സാധാരണമാണ്. ഇക്കാരണത്താൽ ഒട്ടേറെ കർഷകരാണ് കൃഷി ഉപേക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com