ADVERTISEMENT

കൊയിലാണ്ടി∙ നാളികേരത്തിന്റെ വിലയിടിവ് കർഷകരെ ദുരിതത്തിലാക്കി. പൊതിച്ച നാളികേരത്തിന് കിലോഗ്രാമിന് 25 രൂപയാണ് നിലവിൽ ലഭിക്കുന്നത്. നേരത്തേ 45 രൂപയായിരുന്നു. തേങ്ങ പൊതിക്കാൻ വരുന്ന തൊഴിലാളികൾക്ക് നൽകുന്ന കൂലിയും കൃഷിച്ചെലവും കണക്ക് കൂട്ടിയാൽ നാളികേര കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. നാളികേര കർഷകരുടെ വീട്ടുപറമ്പിൽ തേങ്ങ മുളച്ച് നശിക്കുന്ന കാഴ്ചയാണ് പൊതുവേ. കൃഷിച്ചെലവ് കൂടിയതും കർഷകരെ വലയ്ക്കുന്നു. 

    വീട്ടുപറമ്പിൽ കൂട്ടിയിട്ട നാളികേരം പൊതിക്കാതെ മുളച്ച്  നശിക്കുന്ന നിലയിൽ.
വീട്ടുപറമ്പിൽ കൂട്ടിയിട്ട നാളികേരം പൊതിക്കാതെ മുളച്ച് നശിക്കുന്ന നിലയിൽ.

സാധാരണയായി ഈ മാസത്തോടെയാണ് പറമ്പുകൾ കിളയ്ക്കുന്നതും തെങ്ങിന് വളമിടുന്നതും. തേങ്ങയിൽ നിന്ന് വരുമാനം കുറഞ്ഞതോടെ പറമ്പുകളിൽ പണി എടുക്കുന്നവർക്കുള്ള കൂലി നൽകാൻ പോലും കഴിയാത്ത സ്ഥിതിയിലായി കർഷകർ. തെങ്ങിൽ നിന്നുള്ള ആദായം കുത്തനെ കുറഞ്ഞു. വിലയിടിവ് കാരണം കർഷകർ തേങ്ങയിടീക്കാൻ മടിക്കുന്നു. തേങ്ങ പറിക്കാൻ തൊഴിലാളികളെ കിട്ടാത്തതു മറ്റൊരു പ്രതിസന്ധിയായി.

തേങ്ങ  മാർക്കറ്റിൽ എത്തുമ്പോഴേക്കും വരവിനേക്കാൾ ചെലവ് കൂടുന്ന സ്ഥിതിയാണ്. ഒരു തെങ്ങിൽ കയറാൻ മുപ്പത്തിയഞ്ച് രൂപ മുതൽ 50 രൂപവരെയാണ് കൂലി. പൊളിക്കാൻ വേറെ കൂലിയും കൊടുക്കണം. തെങ്ങിൽ കയറാത്തതിനാൽ തേങ്ങ ഉണങ്ങി വീണ് മഴയിൽ കിളിർക്കുകയുംചെയ്യുന്നു.ഇപ്പോൾ വളം ചെയ്താൽ മാത്രമേ ഇടയ്ക്ക് പെയ്യുന്ന  മഴ, തെങ്ങിനിടുന്ന വളത്തെ മണ്ണിൽ ലയിപ്പിക്കുകയുളളു. എന്നാൽ അമിതമായ കൂലിച്ചെലവും രാസ-ജൈവ വളങ്ങളുടെ വില വർധനയും കാരണം ഒരു തരത്തിലുളള കൃഷിപ്പണിയും ചെയ്യാൻ കർഷകർക്കാവുന്നില്ല.

രാസവളങ്ങൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ വില കുത്തനെ കൂടുകയാണ്. 50 കിലോ പൊട്ടാഷിന് കഴിഞ്ഞ വർഷം 1200 രൂപയായിരുന്നത് ഇപ്പോൾ 1700 രൂപയായി. കോക്കനട്ട് മിക്‌സ്ചറിന് 800 രൂപയിൽ നിന്ന് 1150  രൂപയായി. ഫാക്ടംഫോസിന് 1490  രൂപയാണ് ഇപ്പോഴത്തെ എംആർപി വില. കഴിഞ്ഞ വർഷം 1200 രൂപ വരെയായിരുന്നു. യൂറിയയ്ക്ക് മാത്രമാണ് കാര്യമായ വില കൂടാത്തത്. 50 കിലോഗ്രാമിന് 269  രൂപയാണ് വില. നിലവാരമുളള പിണ്ണാക്കിനും 52  രൂപയാണ്  വില. നേരത്തേ ഇത് 45 രൂപയായിരുന്നു. തെങ്ങിന് വളം ചെയ്യുന്നതിന് മുമ്പ് മണ്ണ് പരിശോധന നടത്താത്തതും കർഷകർക്ക് വിനയാവുകയാണ്. 

ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തി വളം ചെയ്യുന്നതിന് പകരം കർഷകർ പരമ്പരാഗത രീതിയിൽ വളം ചെയ്യുന്നത് കാരണം നാളികേര ഉൽപാദനം കൂടാത്ത അവസ്ഥയുണ്ട്. മറ്റ് കൃഷിയെ ആശ്രയിക്കാതെ തെങ്ങിൽ നിന്നുള്ള ആദായത്തിൽ ജീവിക്കുന്നവരുടെ കാര്യമാണ് ഏറ്റവും ദുരിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com