ADVERTISEMENT

തിരുവമ്പാടി ∙ ഇന്നു ലോക വിനോദ സഞ്ചാര ദിനം. സുരക്ഷിതമായ വിനോദ സഞ്ചാരം എന്ന ലക്ഷ്യത്തോടെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം കോവിഡിനു ശേഷം സജീവമായി. ആയിരക്കണക്കിനാളുകളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി എത്തുന്നത്. അരിപ്പാറ വെള്ളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, ഉറുമി, പൂവാറൻതോട്, കക്കാടംപൊയിൽ, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളെല്ലാം സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളാണ്.

ആനക്കാംപൊയിലിലാണ്  അരിപ്പാറ വെള്ളച്ചാട്ടം. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക് ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ. ഡിടിപിസി ആണ് വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിൽ ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫെസിലിറ്റേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക്, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുള്ള പവലിയൻ എന്നിവയെല്ലാം നിർമിച്ചു. സിഡ്കോയുടെ നേതൃത്വത്തിൽ തൂക്കുപാലവും നിർമിച്ചു.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മനസ്സിലാക്കാതെയും മുന്നറിയിപ്പുകളും ജാഗ്രത നിർദേശങ്ങളും പാലിക്കാതെ പുഴയിൽ ഇറങ്ങുന്നവർ അപകടത്തിൽ പെട്ട സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിടിപിസിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും അഗ്നിരക്ഷാ സേനയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇന്ന് 2ന് അരിപ്പാറയിൽ ദുരന്തനിവാരണ ബോധവൽക്കരണ സെമിനാറും രക്ഷാപ്രവർത്തന പരിശീലനവും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com