ADVERTISEMENT

കൂരാച്ചുണ്ട് ∙ കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ കക്കയം കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സുവർണ ജൂബിലിയിൽ. 1972 സെപ്റ്റംബർ 30ന് 25 മെഗാവാട്ട് ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ ഒന്നാംഘട്ട പദ്ധതി കുറ്റ്യാടി പവർ സ്റ്റേഷൻ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ആണ് ഉദ്ഘാടനം ചെയ്തത്. 50 മെഗാവാട്ട് ശേഷിയുള്ള രണ്ടാംഘട്ടം കുറ്റ്യാടി പദ്ധതി എക്സ്റ്റൻഷൻ സ്കീം 2001ൽ കമ്മിഷൻ ചെയ്തു. വയനാട് പടിഞ്ഞാറത്തറ ഡാമിലെ വെള്ളം കുറ്റ്യാടി അണക്കെ‌ട്ടിലേക്ക് 4.467 കിലോമീറ്റർ ദൂരം ടണലുമായി ബന്ധിപ്പിച്ച കുറ്റ്യാടി ഓഗ്‌മെന്റേഷൻ സ്കീമിൽ കുറ്റ്യാടി അണക്കെട്ടിന്റെ ശേഷി വർധിപ്പിച്ചാണ് 50 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകൾ കൂടി സ്ഥാപിച്ചത്.

കുറ്റ്യാടി പവര്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 1972ല്‍ സ്ഥാപിച്ച ശിലാഫലകം.

2010 ജൂലൈ 19ന് കുറ്റ്യാടി അഡീഷനൽ എക്സ്റ്റൻഷൻ സ്കീം കമ്മിഷൻ ചെയ്ത് ഉൽപാദനം 225 മെഗാവാട്ടായി വർധിച്ചു. തുടർന്ന് കുറ്റ്യാടി ടെയിൽ റേസ് പദ്ധതിയിൽ 1.25 മെഗാവാട്ടുള്ള മൂന്ന് മെഷീനുകളിലെ 3.75 മെഗാവാട്ടും കുറ്റ്യാടി ചെറുകിട പദ്ധതിയിൽ രണ്ട് മെഷീനുകളിലെ 3 മെഗാവാട്ടും ഉൾപ്പെടെ മൊത്തം ഉൽപാദനം 231.75 മെഗാവാട്ടായി ഉയർത്തി. കക്കയം വൈദ്യുതി ഉൽപാദന കേന്ദ്രത്തിൽ നിന്നു നാല് ലൈനുകളിലാണു വൈദ്യുതി വിതരണം ചെയ്യുന്നത്. രണ്ട് ലൈൻ നല്ലളം സബ് സ്റ്റേഷനിലേക്കും രണ്ട് ലൈൻ കണ്ണൂർ കാഞ്ഞിരോട് ഫീഡറുമായി ബന്ധിപ്പിക്കുന്നതാണ്. അഞ്ച് മില്യൻ യൂണിറ്റ് വൈദ്യുതിയാണ് കക്കയത്ത് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. രണ്ട് വർഷമായി ഉൽപാദനം ഗണ്യമായി വർധിച്ചു.

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ രൂപരേഖ.

കക്കയം ഡാമിന്റെ സംഭരണ ശേഷി 33.54 മില്യൻ ക്യുബിക് മീറ്റർ ആണ്. ഒരു ദിവസത്തെ വൈദ്യുതി ഉൽപാദനത്തിന് 3.5 മില്യൻ ക്യുബിക് മീറ്റർ ജലം ആവശ്യമാണ്. ഇതിൽ 2.25 മില്യൻ ക്യുബിക് മീറ്റർ കക്കയം ഡാമിൽ നിന്നും ബാക്കി വെള്ളം ബാണാസുരസാഗറിൽ നിന്നുമാണു ശേഖരിക്കുന്നത്. ഉൽപാദന ചെലവ് കുറവുള്ളതാണു കുറ്റ്യാടി പദ്ധതിയുടെ പ്രധാന സവിശേഷത. 50 കിലോവാട്ടിന്റെ റൂഫ് ടോപ് സോളറിന്റെ മൂന്ന് യൂണിറ്റ് കക്കയത്ത് ഉണ്ട്.

പദ്ധതി നവീകരണം ആരംഭിച്ചു

കക്കയത്ത് ഒന്നാംഘട്ടത്തിൽ സ്ഥാപിച്ച കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ പവർ സ്റ്റേഷൻ.

75 മെഗാവാട്ടിന്റെ ആദ്യഘട്ട പദ്ധതി നവീകരണ, ആധുനികവൽക്കരണ, ശേഷി വർധിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 10%  ഉൽപാദന വർധനയാണ് ലക്ഷ്യമിടുന്നത്. 7.5 മെഗാവാട്ട് ഉൽപാദനം വർധിക്കുന്ന നവീകരണ പ്രവൃത്തി 2025ൽ പൂർത്തിയാകും. 90 കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തി ഡിസംബർ മാസത്തിൽ ആരംഭിക്കും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെൽ ആണ് ഇലക്ട്രോ, മെക്കാനിക്കൽ ജോലികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് മെഷീനുകളുടെയും ജനറേറ്റർ, കൺട്രോൾ പാനൽ, ടർബൈൻ ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങളും ട്രാൻസ്ഫോമറും പ്രധാന കൺട്രോൾ റൂമും മാറ്റി സ്ഥാപിക്കും.

കുറ്റ്യാടി പദ്ധതിയില്‍ 1972ല്‍ ആദ്യഘ‌‌ട്ടത്തില്‍ ജപ്പാന്‍ കമ്പനി ഫുജി നിര്‍മിച്ച മെഷീന്‍.

സുവർണ ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തിൽ കുറ്റ്യാടി ജലവൈദ്യുത പദ്ധതി സ്ഥാപിത ശേഷി വർധിപ്പിക്കൽ, നവീകരണ, ആധുനികവൽക്കരണ നടപടികളിലാണ്. ഇ.മുഹമ്മദലി, എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ഇബി കക്കയം ജനറേഷൻ ഡിവിഷൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com