ADVERTISEMENT

കോഴിക്കോട് ∙ വാക്സിനേഷൻ യജ്ഞം ഒരാഴ്ച പിന്നിടുമ്പോഴും ജില്ലയിലെ തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവയ്പ് ഇഴഞ്ഞു നീങ്ങുന്നു. ഇക്കഴിഞ്ഞ 20 മുതൽ ഒക്ടോബർ 20 വരെ സംസ്ഥാന സർക്കാർ വാക്സിനേഷൻ യജ്ഞമായി നടത്തുകയാണ്. എന്നാൽ ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും നായപിടിത്തക്കാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടേയുള്ളൂ. അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഒരാഴ്ചത്തെ പരിശീലനവും നൽകി നായപിടിത്തം തുടങ്ങണമെങ്കിൽ ചുരുങ്ങിയത് ഇനിയും 10 ദിവസമെങ്കിലും കഴിയണമെന്ന അവസ്ഥയാണ്.

കോർപറേഷൻ ഒഴികെയുള്ള ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമെല്ലാം ഇപ്പോൾ വളർത്തു നായ്ക്കൾക്കാണ് കാര്യമായി വാക്സീൻ നൽകുന്നത്. ജില്ലയിൽ ഇതുവരെ 13,000 വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നടത്തി.  490 തെരുവുനായ്ക്കൾക്കു മാത്രമേ ഇതുവരെ വാക്സീൻ നൽകാനായിട്ടുള്ളൂ. ഇവയിൽ ഭൂരിഭാഗവും തെരുവിൽ മനുഷ്യരോട് സൗഹൃദപൂർവം ഇടപെടുന്ന കമ്യൂണിറ്റി ഡോഗ്സ് വിഭാഗത്തിലുള്ളവയാണ്. ഈ ഇനത്തിൽപെടാത്ത ബഹുഭൂരിപക്ഷം വരുന്ന തെരുവുനായ്ക്കൾക്കു വാക്സിനേഷന് പരിശീലനം ലഭിച്ച നായപിടിത്തക്കാർ അനിവാര്യമാണ്.

കോഴിക്കോട് കോർപറേഷനിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി എബിസി (അനിമൽ ബർത്ത് കൺട്രോൾ) പ്രോജക്ട് നടക്കുന്നതിനാൽ അതിനൊപ്പം പ്രതിരോധ കുത്തിവയ്പും നടക്കുന്നുണ്ട്. വാക്സിനേഷനായി പ്രത്യേകം 2 നായപിടിത്തക്കാരെ ഇവിടെ നിയമിക്കാനുള്ള നടപടിയും തുടങ്ങി. ഇവരുടെ സേവനം കൂടി ലഭിക്കുന്നതോടെ ഒക്ടോബർ ആദ്യവാരം മുതൽ കോർപറേഷനിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ പേവിഷബാധ പ്രതിരോധ ക്ലിനിക് പ്രവർത്തനം തുടങ്ങി. ഡിഎംഒ ഡോ. ഉമ്മർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പേവിഷബാധ ഉണ്ടാക്കുന്ന മൃഗങ്ങളുടെ കടി ഏറ്റവർക്കായി പ്രത്യേക പരിചരണവും ചികിത്സയും നൽകുക, സമൂഹത്തിൽ പേവിഷ ബാധയ്ക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് പ്രതിരോധ ക്ലിനിക്കിന്റെ ലക്ഷ്യങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com