ADVERTISEMENT

കോഴിക്കോട്∙ സുഖദുഃഖങ്ങളിൽ ഒരുമിച്ചു നിന്ന മുത്തു എന്ന പൂച്ചയുടെ വേർപാടിൽ വേദന പങ്കിട്ട് പ്രമുഖ സഹകാരി സി.എൻ.വിജയകൃഷ്ണനും കുടുംബവും. വഴിയരികിൽ നിന്നു കിട്ടിയ പൂച്ചക്കുഞ്ഞിനെ പ്രതിസന്ധികളിലും കൈവിടാതെ ഒൻപതു വർഷം കുടുംബാംഗത്തെപ്പോലെ ചേർത്തു നിർത്തിയ കഥയാണത്. ഒടുവിലൊരു നാൾ അവൻ ആരുമറിയാതെ പടിയിറങ്ങിപ്പോയതിന്റെ ദു:ഖം പങ്കുവച്ച് വിജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു: മുത്തുവിനെ സ്നേഹിച്ചവർക്കും ഓമനിച്ചവർക്കും ചികിത്സിച്ചവർക്കും നന്ദി.

കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൽ ചെയർമാനും പൊതുപ്രവർത്തകനുമായ വിജയകൃഷ്ണന് 2013ലാണു മുത്തുവിനെ കിട്ടുന്നത്. രാത്രി മഴയത്ത് വഴിയരികിൽ നിന്നു തണുത്തു വിറയ്ക്കുകയായിരുന്ന പൂച്ചക്കുഞ്ഞിനെ ഏറ്റെടുത്ത് മുത്തു എന്നു പേരിടുകയായിരുന്നു. പിന്നെപ്പിന്നെ സ്വന്തം കുടുംബാംഗമായി. വിജയകൃഷ്ണൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോൾ രോഗക്കിടക്കിലും വിടാത്ത കൂട്ടായി മുത്തുവുണ്ടായിരുന്നു. ബാങ്ക് ചെയർമാനായപ്പോൾ ചെയർമാന്റെ മുറി മുത്തുവിന്റെയും മുറിയായി. 

യാത്രകളിൽ പോലും സ്ഥിരം പങ്കാളിയായി. ചാലപ്പുറത്തെ സിറ്റി ടവറിലെ പത്താം നിലയിൽ താമസിക്കുന്ന സി.എൻ.വിജയകൃഷ്ണന്റെ ഫ്ലാറ്റിൽ നിന്ന് മുത്തു സർക്കീട്ടിനിറങ്ങുമ്പോൾ മുത്തുവിനു വേണ്ടി ലിഫ്റ്റ് ഞെക്കിക്കൊടുക്കാറുള്ളത് സമീപ ഫ്ലാറ്റുകാരാണ്. അതിൽ കയറി സുരക്ഷിതനായി സഞ്ചരിച്ചു തിരിച്ചു വരുന്നതാണു പതിവ്.  കഴി‍ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നെന്മാറയിൽ വിജയകൃഷ്ണൻ പര്യടനത്തിനു പോയപ്പോൾ അവിടെയും മുത്തു ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ വർഷം നവംബറിൽ നട്ടെല്ലിനു പരുക്കേറ്റ് മുത്തു കിടപ്പിലായിരുന്നു.

സ്വകാര്യ മൃഗാശുപത്രിയിൽ കാണിച്ചെങ്കിലും രക്ഷപ്പെടുത്താൻ പ്രയാസമാണെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. നരകിക്കാൻ വിടുന്നതിനേക്കാൾ മുത്തുവിന്റെ ജീവിതം അവസാനിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എത്ര കിടന്നാലും മരിക്കും വരെ നോക്കാമെന്നു പറഞ്ഞപ്പോൾ വിലകൂടിയ മരുന്ന് വേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. ഇതിനായി ഡോസിന് 1000 രൂപ വിലയുള്ള ഇൻജക്ഷൻ വരുത്തി. 21 ദിവസം കൂടുമ്പോൾ ഇൻജക്ഷൻ നൽകി.

പതുക്കെ പതുക്കെ മുത്തു നടക്കാൻ തുടങ്ങി. വീണ്ടും പതിവു പോലെ യാത്ര ചെയ്തു തുടങ്ങി. നിത്യജീവിതത്തിലേക്കു തിരിച്ചെത്തി. ചികിത്സ തുടരുന്നതിനിടെ വളരെ അപ്രതീക്ഷിതമായി സെപ്റ്റംബർ 15നു പുറത്തു പോയ മുത്തു തിരിച്ചു വന്നില്ല. ദിവസങ്ങളോളം കാത്തിരുന്നു. മുത്തുവിന് ഇനി  തിരിച്ചു വരാൻ ആരോഗ്യം ഉണ്ടാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ മുത്തുവിന്റെ വേർപാടിനെ വേദനയോടെ അംഗീകരിക്കുകയാണു വിജയകൃഷ്ണനും കുടുംബവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com