കോഴിക്കോട്∙ ആദായ നികുതി ടിഡിഎസിൽ കൃത്രിമം കാണിച്ച് രാജ്യവ്യാപകമായി നടത്തിയ 310 കോടിയുടെ ക്രമക്കേടു കണ്ടെത്തിയ ആദായനികുതി ഉദ്യോഗസ്ഥനു കേന്ദ്ര ധനമന്ത്രിയുടെ പ്രവർത്തനമികവിനുള്ള പുരസ്കാരം. ആദായനികുതി വകുപ്പ് മേഖലാ ടിഡിഎസ് ജോയിന്റ് കമ്മിഷണർ പി.ചന്ദ്രമോഹനാണ് പുരസ്കാരം ലഭിച്ചത്. ലക്നൗ സ്വദേശിയുടെ പാൻകാർഡും ആധാർ കാർഡും അയാളറിയാതെ മറ്റാരോ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് തുറന്ന് നികുതി തിരിച്ചടവ് നീക്കങ്ങൾ നടത്തിയ പരാതികളിൽനിന്നാണ് ക്രമക്കേടിലേക്കുള്ള സൂചന ചന്ദ്രമോഹനു ലഭിച്ചത്.
ആദായനികുതി വകുപ്പിൽ ഇൻവെസ്റ്റിഗേഷൻ അസസ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചന്ദ്രമോഹൻ രണ്ടുവർഷമായി കോഴിക്കോട് മേഖലയുടെ ചുമതല വഹിക്കുകയാണ്. വകുപ്പിനുവേണ്ടി ആദായനികുതി ഇടപാടുകളെക്കുറിച്ച് ചന്ദ്രമോഹൻ വിഡിയോകൾ തയാറാക്കിയിട്ടുമുണ്ട്.ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി പങ്കജ് ചൗധരി പുരസ്കാരം നൽകി. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, മന്ത്രി ഡോ.ഭഗവത് കൃഷ്ണ കാരാട്ട് എന്നിവർ പ്രസംഗിച്ചു.