ADVERTISEMENT

ഫറോക്ക് ∙ ഏറെ ചരിത്ര പ്രാധാന്യമുള്ള ഫറോക്ക് ടിപ്പുക്കോട്ടയുടെ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  കോട്ടയുടെ പ്രാധാന്യവും പ്രത്യേകതയും ജനങ്ങൾക്കു മനസ്സിലാക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ടിപ്പുക്കോട്ട സന്ദർശിക്കാൻ എത്തിയ മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പ് നടത്തുന്ന ഉത്ഖനനത്തിനിടെ കണ്ടെത്തിയ കോട്ടമതിൽ, വെടിയുണ്ടകൾ, തോക്കിന്റെ തീക്കല്ലുകൾ, വെടിയുണ്ടയുടെ കാട്രിഡ്ജ്, ടിപ്പുവിന്റെ ചെമ്പു നാണയം, നാണയം വാർത്തെടുക്കുന്ന അച്ചിന്റെ ഭാഗങ്ങൾ, ബ്രിട്ടിഷ് നിർമിത പിഞ്ഞാണ പാത്രക്കഷണങ്ങൾ, ചൈനീസ്–സെലഡൻ പാത്രക്കഷണങ്ങൾ എന്നിവ മന്ത്രി നേരിൽ കണ്ടു. പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ ഈമാസം ഒന്നിനു പുനരാരംഭിച്ച മൂന്നാംഘട്ട ഉത്ഖനനം ഇന്നലെ അവസാനിപ്പിച്ചു. 

ഫീൽഡ് സീസൺ ലൈസൻസ് കാലാവധി കഴിഞ്ഞതിനാലാണ് തൽക്കാലം ഉത്ഖനനം നിർത്തിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നു പുതിയ ലൈസൻസ് ലഭിച്ചാൽ വീണ്ടും ഉത്ഖനനം നടത്താനാണ് ലക്ഷ്യം. കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനും ഉത്ഖനന സാധ്യത പരിശോധിക്കാനുമുള്ള കോടതി ഉത്തരവ് പ്രകാരം 2020 ഒക്ടോബറിൽ പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ ഒരു മാസം നീളുന്ന പ്രാഥമിക പര്യവേക്ഷണവും ഉപരിതല സർവേയും നടത്തിയിരുന്നു. 

അന്നു ജിപിആർ(ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ)ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കോട്ട പ്രദേശത്ത് പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തുകയുണ്ടായി.  പിന്നീട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലൈസൻസ് ലഭിച്ചതോടെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉത്ഖനനം തുടങ്ങിയത്. ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ ശേഷിപ്പായ ചെങ്കൽ പടികളോടു കൂടിയ ഭീമൻ കിണർ, നാണയ കമ്മട്ടം, ആയുധപ്പുരയുടെ ശേഷിപ്പുകൾ, മഹാശിലായുഗത്തിലെ ഗുഹ, കൊത്തളങ്ങൾ, കോട്ട മതിലുകൾ, കിടങ്ങ്, ചെറു കിണറുകൾ, 20ാം നൂറ്റാണ്ടിൽ പണിത യൂറോപ്യൻ നിർമിത ബംഗ്ലാവ് തുടങ്ങിയ പുരാതന അവശിഷ്ടങ്ങളാണ് ഫറോക്കിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com