നാദാപുരം∙ ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. ഇന്നലെ 3 പേരെ ആക്രമിച്ചു. കുമ്മങ്കോട് ചത്തോത്ത് പള്ളിക്കു സമീപം അതിഥിത്തൊഴിലാളിയുടെ മകൻ ഉമർ സലീമി (6)നെ നായ ആക്രമിച്ചു.. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വടകര ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കല്ലാച്ചി പഞ്ചായത്ത് ഓഫിസിനു മുൻപിൽ തെരുവുനായയുടെ കടിയേറ്റ് ചാലപ്പുറം സ്വദേശി ഹസീമയ്ക്കു പരുക്കേറ്റു. കക്കംവെള്ളിയിൽ പയന്തോങ് സ്വദേശി ചെറിയകോയ തങ്ങൾക്കും പട്ടിയുടെ കടിയേറ്റു. ഇവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ദമ്പതികൾക്ക് പരുക്ക്
വടകര ∙ നായ പിറകെ ഓടി ദമ്പതികൾക്ക് പരുക്ക്. മീങ്കണ്ടിയിലെ പത്രം ഏജന്റ് ഒന്തത്ത് ദാസൻ, ഭാര്യ സിമി എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്കു രണ്ടു മണിയോടെ വീട്ടിൽ നിന്നു കടയിലേക്കു പോവുകയായിരുന്ന ഇരുവരും. പിറകെ നായ ഓടിയതിനെ തുടർന്നു വീണു. ദാസനു മുഖത്തും സിമിക്കു കാലിലുമാണ് പരുക്ക്. രണ്ടു പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.