ADVERTISEMENT

കോഴിക്കോട്∙ ബഹുസ്വര സമൂഹവുമായി ഐക്യം പ്രഖ്യാപിച്ചാണു ന്യൂനപക്ഷ സമുദായം മുന്നോട്ടു പോകേണ്ടതെന്ന മഹത്തായ പാഠമാണു മുൻ മുഖ്യമന്ത്രിയും ലീഗ് നേതാവുമായ സി.എച്ച്.മുഹമ്മദ് കോയ മുന്നോട്ടു വെച്ചതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബഹുസ്വര സമൂഹത്തോടു യുദ്ധം ചെയ്തു ലോകത്തിലെ ഒരു ഭാഗത്തും ഒരു ന്യൂനപക്ഷ വിഭാഗവും പുരോഗമിച്ചിട്ടില്ല. തീവ്രത കൂടിയ നിലപാടുകൾക്കു പകരം മതസൗഹാർദവും ഐക്യവുമാണു സിഎച്ച് മുന്നോട്ടു വെച്ചത്. ആ പാതയിലൂടെ കടന്നു പോകുന്നതു കൊണ്ടാണ് മുസ്‍ലിം ലീഗിന് ഇപ്പോഴും കേരളത്തിൽ ഇടമുണ്ടായതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. 

തീവ്ര ചിന്തകൾക്കു കേരളത്തിൽ നിലനിൽപില്ലെന്ന് ലീഗ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സായുധ രീതിക്കു പകരം ഐക്യവും സാഹോദര്യവും സ്ഥാപിച്ചാണ് ലീഗ് മുന്നോട്ടു പോയത്. ജനാധിതപ്യവും ഭരണഘടനയുമായിരുന്നു എല്ലാ കാലത്തും ലീഗിന്റെ പ്രധാന ആയുധങ്ങൾ. രാജ്യത്തെ മറ്റു മേഖലകളിൽ നിന്നു ഭിന്നമായി വിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തിലെ മുസ്‍ലിം സമുദായം ഉന്നതയിലേക്ക് എത്തിയത്. സിഎച്ച് കാണിച്ച ആ പാതയിലൂടെയാണ് ലീഗ് ഇപ്പോഴും സഞ്ചരിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എംപി,എം.കെ.മുനീർ എംഎൽഎ, കെ.പി.എ.മജീദ് എംഎൽഎ, പി.എം.എ.സലാം, കെ.എം.ഷാജി, ലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ.റസാഖ്, പാറയ്ക്കൽ അബ്ദുല്ല  എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സിഎച്ച് സെന്റർ യൂണിറ്റ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുറുക്കാമ്പൊയിൽ സെയ്തുട്ടി ഹാജി മമ്മോറിയൽ ആംബുലൻസ് സമർപ്പണം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതിയ സിഎച്ച് മുഹമ്മദ് കോയയെ കുറിച്ചുള്ള പുസ്തകം പി.കെ.കുഞ്ഞാലിക്കുട്ടിക്കു നൽകി പ്രകാശനം ചെയ്തു. നവാസ് പുനൂർ എഡിറ്റ് ചെയ്ത ‘സ്നേഹ സൂര്യൻ’ ഹൈദരലി ശിഹാബ് തങ്ങൾ ഓർമപുസ്തകം പി.വി.അബ്ദുൽ വഹാബ് എംപിക്കു നൽകി പ്രകാശനം ചെയ്തു. ബീച്ച് ആശുപത്രിയിൽ സിഎച്ച് യൂണിറ്റിനു വേണ്ടി ഫാർമസി ഒരുക്കിയ എ.വി.മുഹമ്മദ് സാദിഖിന് കെ.പി.എ.മജീദ് ഉപഹാരം നൽകി. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, എഴുത്തുകാരൻ എം.സി.വടകര എന്നിവർക്കു പുരസ്കാരങ്ങൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com